environmental News

ചന്തമുള്ള വിശറി വീശുന്ന ആ സുന്ദരനെ മലയാളക്കരയില്‍ കണ്ടെത്തി

 നിറമുള്ള വിശറിയും വീശി ഇണയെക്കാത്തിരിക്കുന്ന ആ സുന്ദരനെ കേരളത്തില്‍ കണ്ടെത്തി. ആളൊരു ഓന്താണ്. പേര് സിറ്റാന ആറ്റന്‍ബറോയ്. മുപ്പതോളം സ്​പീഷീസുകള്‍ ഉണ്ടെങ്കിലും ഈ ഇനം ലോകത്ത് ആദ്യമായാണ് കാണുന്നത്. കിട്ടിയത് തിരുവനന്തപുരം പൂവാര്‍ കടല്‍ത്തീരത്തുനിന്ന്. പുതിയ ജീവിവര്‍ഗങ്ങളുടെ കണ്ടുപിടിത്തം അംഗീകരിക്കുന്ന അന്താരാഷ്ട്ര ജേണലായ സൂടാക്‌സായില്‍ ഈ സുന്ദരഓന്തിന്റെ വിവരങ്ങള്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു.

ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ.കലേഷ്, എം. രമേഷ്, കോഴിക്കോട് വെസ്റ്റേണ്‍ഘട്ട്‌സ് റീജണല്‍ സെന്ററിലെ മുഹമ്മദ് ജാഫര്‍ പാലോട്ട്, ബെംഗളൂരുവിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സെന്ററിലെ മയൂരേഷ് അംബേദ്കര്‍, സീഷാന്‍ എ. മിര്‍സ എന്നിവര്‍ ചേര്‍ന്നു നടത്തിയ പര്യവേക്ഷണത്തിലാണ് കണ്ടെത്തല്‍.

മഴ തീരെക്കുറഞ്ഞ വരണ്ട പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ ജീവിവര്‍ഗം കേരളത്തില്‍ കാണാനുള്ള ഒരു സാധ്യതയും ഇല്ലെന്നായിരുന്നു ധാരണ. എന്നാല്‍, ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായതിനെത്തന്നെ മലയാള മണ്ണില്‍നിന്ന് കിട്ടുകയായിരുന്നു. ആണ്‍വര്‍ഗത്തിനു മാത്രമാണ് കഴുത്തിനുതാഴെ വിശറിയുള്ളത്. ഫാന്‍ ത്രോട്ടഡ് ലിസാര്‍ഡ് എന്നാണ് ഇവ പൊതുവായി അറിയപ്പെടുന്നത്. ഇണയെ ആകര്‍ഷിക്കാനുള്ള ഉപാധിയാണ് ഈ വിശറി. കഴുത്തിനു താഴെയുള്ള ഒരു എല്ലിന്റെ ചലനത്തിലൂടെയാണ് വിശറി ചലിപ്പിക്കുന്നത്. തൊലിയിലെ ഞൊറിവുകള്‍ ഇങ്ങനെ ചലിക്കുന്നതിന് നല്ല ഭംഗിയാണ്. ചെടിച്ചില്ലകളില്‍ കയറിയിരുന്ന് നിറമുള്ള വിശറി ചലിപ്പിക്കുമ്പോള്‍ ഇണ തേടിയെത്തും. പെണ്‍ വര്‍ഗത്തിന് സൗന്ദര്യം തീരെ പോരാ. കണ്ടാല്‍ സാധാരണ ഒരു മരയോന്തു പോലെതന്നെ. വിശറിയുള്ള ആണിനെക്കണ്ട് സാധാരണ ആണ്‍ ഓന്തുകള്‍ മാറിപ്പോകാറുമുണ്ട്. മണലിന്റെ പുറത്തുള്ള ചെറിയ ജീവികളെയാണ് ഇവ തിന്നുന്നത്. രാവണമീശ എന്നറിയപ്പെടുന്ന ഒരുതരം മുള്‍ച്ചെടിയുടെ വേരിലാണ് താമസം.

പൂവാര്‍ കടല്‍ത്തീരത്ത് ആണും പെണ്ണുമായി നൂറോളം സിറ്റാനകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ഗവേഷകര്‍ സര്‍ക്കാരിലേക്ക് ഉടന്‍ നല്‍കും.

ബി.ബി.സി.യുടെ ലൈഫ് സീരീസിന്റെ അവതാരകനായ ഡേവിഡ് ആറ്റന്‍ബറോയുടെ പേരാണ് ഇതിനു നല്‍കിയിട്ടുള്ളത്.

February 01
12:53 2018

Write a Comment