reporter News

നൂറിന്റെ നിറവിൽ നമ്മുടെ മോയൻസ്

പാലക്കാട് തറവാടിന്റെ അങ്കണത്തിൽ മോയൻസ് എന്ന പെൺ പള്ളിക്കൂടം തലയുയർത്തി നില്ക്കാൻ തുടങ്ങിയിട്ട് നൂറു വർഷങ്ങളായി .ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഒരു ചുവടുവച്ചപ്പോൾത്തന്നെ ഈ അമ്മ പതിനായിരക്കണക്കിന് പെൺ കുരുന്നുകൾക്ക് അറിവിന്റെ അമൃതം പകർന്നു നല്കി .ഞങ്ങൾക്ക് ഇത് വെറും ഒരു സ്കൂളല്ല .അറിവും കരുത്തും പകർന്നു നല്കി,ഞാനൊരു പെണ്ണാണ് എന്ന് അഭിമാനത്തോടെ തലയുയർത്തി പറയാനുള്ള കരുത്തും ഊർജ്ജവും പകർന്നു നൽകുന്ന തറവാട്ടമ്മയാണ് .     
            മറക്കുടയ്ക്കുള്ളിൽ നിന്ന് വിശാല ലോകത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരാൻ ഏതു പെണ്ണിനും ഊർജ്ജം നൽകിയത് വിദ്യാഭ്യാസമാണ് . പഞ്ചമി എന്ന പെൺകുട്ടിയുടെ കൈയ്യും പിടിച്ച് അയ്യങ്കാളി ഊരൂട്ടമ്പലം സ്കൂളിലേക്ക് കാൽ വച്ചപ്പോൾ സവർണ്ണർ അതിനെ പ്രതിരോധിച്ചത് ആ സ്കൂൾ തന്നെ തീ വച്ചു നശിപ്പിച്ചു കൊണ്ടാണ് .തീക്ഷ്ണമായ സമരപരമ്പരകളുടെ പരിണിത ഫലമായാണ് ഇന്ന് കാണുന്ന സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നടപ്പിലായത് .ഇന്ന് ഞങ്ങൾക്ക് അഭിമാനത്തോടെ പറയാൻ കഴിയും തൊട്ടടുത്തിരിക്കുന്നവരുടെ ജാതി ഞങ്ങൾ തിരക്കാറില്ല മതമേതെന്ന് ചോദിക്കാറില്ല സാമ്പത്തികം കൂട്ടുകൂടുന്നതിൽ ഞങ്ങൾക്ക് തടസ്സമേയല്ല .1918 മുതൽ 2018 വരെ ഞങ്ങളൂടെ തണൽ മരത്തിനു താഴെ പൂവിട്ട സ്വപ്നങ്ങൾക്കെല്ലാം ഒരു നിറമേയുള്ളൂ സ്നേഹത്തിന്റെ നിറം 
          ഇന്നും പെണ്ണെന്നു പറയുമ്പോൾ അപമാനിക്കപ്പെടേണ്ടവളാണ് ,പിച്ചിച്ചീന്തപ്പെടേണ്ടവളാണ് ,ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കപ്പെടേണ്ടവളാണ് ,ഇരുണ്ട മുഖാവരണത്തിനുള്ളിൽ, നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവളാണ് എന്ന് ആരൊക്കെയോ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു .എന്നാൽ പെണ്ണ് എന്നതിൽ സ്വയം അഭിമാനിക്കുന്ന മോയൻസിലെ പെൺകുട്ടികൾ ഞങ്ങളിവിടെയുണ്ടെന്ന് മാലോകരെ കൂക്കിവിളിച്ച് അറിയിച്ചു കൊണ്ടിരിക്കും .നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഈ നാടിന്റെ യാകെ സ്നേഹം ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങൾക്കറിയാം അതാണ് ഞങ്ങളുടെ കരുത്ത് .

                സാന്ദ്രാ സാറാ ബിനോയ്
                 സീഡ് റിപ്പോർട്ടർ
                 ഗവ: മോയൻ മോഡൽ ഗേൾസ് 
                 ഹയർ സെക്കണ്ടറി സ്കൂൾ                            
                  പാലക്കാട് .

February 07
12:53 2018

Write a Comment