SEED News

മാതൃഭൂമി സീഡ് - സീസണ്‍വാച്ച് പ്രകൃതി പഠന ക്യാമ്പ്

വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം മുഹമ്മദ് ഹനീഷ് 


ആലുവ: പ്രത്യാശ നല്‍കുന്ന ലോകം സൃഷ്ടിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) എം.ഡി. എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. അല്ലെങ്കില്‍ നല്ല മണ്ണ്, നല്ല വായു, നല്ല വെള്ളം, നല്ല വെളിച്ചം, നല്ല ഭക്ഷണം എന്നിവ സ്വപ്മായി മാറും. മാലിന്യ കൂമ്പാരത്തില്‍ ജീവച്ഛവമായി ജീവിക്കുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ പച്ചപ്പ് കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.  
മാതൃഭൂമി സീഡ് - സീസണ്‍വാച്ച് പ്രകൃതി പഠന ക്യാമ്പ് പെരിയാറിന്റെ തീരത്തുള്ള ആര്‍ബറേറ്റത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭൂമി സീഡ് - സീസണ്‍വാച്ച് അനുഭവകുറിപ്പ് വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും ഇതിനോടൊപ്പം നടന്നു. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള 39 സ്‌കൂളുകളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 
ഇലയും തൊലിയും പൂവും കായും പരിശോധിച്ച് മരമേതെന്നും അവയുടെ പ്രത്യേകതകള്‍ തിരിച്ചറിയാനുമുള്ള പരിശീലനവും പ്രകൃതി പഠന ക്യാമ്പില്‍ വെച്ച് നല്‍കി. തേവര എസ്.എച്ച്. കോളേജ് പ്രൊഫസര്‍ ജിബി കുര്യാക്കോസാണ് സീസണ്‍വാച്ചിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് 'മരപരിചയം' നടത്തിയത്. ആര്‍ബറേറ്റത്തിലെ നൂറുകണക്കിന് മരങ്ങള്‍ക്കിടിയിലൂടെ ചുറ്റി സഞ്ചരിച്ച് വിദ്യാര്‍ത്ഥി സംഘം കാടുകാണലും നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍, സീസണ്‍വാച്ച് സംസ്ഥാന കോഡിനേറ്റര്‍ കെ. നിസാര്‍ എന്നിവരും വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. 
എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ചാണ് മറ്റ് പഠനക്ലാസുകള്‍ നടത്തിയത്. മാതൃഭൂമി സീഡിന്റേയും സീസണ്‍വാച്ചിന്റേയും പ്രവര്‍ത്തനത്തിന്റെ ഭാഗമായി തങ്ങള്‍ക്കുണ്ടായ സ്വഭാവ മാറ്റത്തെ പറ്റി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കുവെച്ചു. സീസണ്‍വാച്ചിന്റെ ഭാഗമായി എല്ലാ ആഴ്ചകയും നടത്തുന്ന നിരീക്ഷണങ്ങളും അതുവഴി വൃക്ഷങ്ങളോട് തോന്നുന്ന അടുപ്പത്തെ പറ്റിയും വിദ്യാര്‍ത്ഥികള്‍ സംവദിച്ചു. 
പ്രകൃതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെ പറ്റി ഡോ. കൃഷ്ണകുമാര്‍ ക്ലാസെടുത്തു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സീസണ്‍വാച്ച് പ്രവര്‍ത്തനങ്ങളെ പറ്റി സീസണ്‍ വാച്ച് പ്രോഗ്രാം അദ്ധ്യക്ഷ ഡോ. ഗീത അറിവ് പകര്‍ന്നു നല്‍കി.  വ്യത്യസ്ഥമായ വൃക്ഷങ്ങളെ തിരിച്ചറിയുന്നതും ശാസ്ത്രീയമായി തരം തിരിക്കുന്നതും എങ്ങനെയാണെന്ന് പ്രൊഫ. ജിബി കുര്യാക്കോസും ക്ലാസെടുത്തു. രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് വ്യാഴാഴ്ച ഉച്ചയോടെ സമാപിച്ചു. 

May 04
12:53 2018

Write a Comment

Related News