SEED News

ചുമരിൽ ചിത്രങ്ങൾ വരച്ചു സമ്മാനിച്ച് ഡോക്ടർമാർക്ക് കുട്ടികളുടെ ആദരം

വർണങ്ങൾക്കൊപ്പം ഡോക്ടർമാരോടുള്ള ആദരവും ചാലിച്ച് കുഞ്ഞുങ്ങൾ ചുമരിൽ ചിത്രങ്ങളെഴുതി. ഡോക്ടേഴ്സ് ദിനാചരണത്തന് ‘സീഡ്’ കൂട്ടുകാരാണ് ആശുപത്രി ചുമരിൽ ചിത്രം വരച്ച് വൈദ്യസമൂഹത്തിന് സമര്പ്പിച്ചത്.
സമൂഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഡോക്ടർമാർക്കുള്ള ആദരവർപ്പിക്കാനാണ് മുടിയൂർക്കര ഗവ. എല്.പി. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരെത്തിയത്.
ആശുപത്രി കവാടത്തിലെ പായല് പിടിച്ച മതിൽ മാതൃഭൂമി പ്രവർത്തകരുടെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കി വെള്ളച്ഛായം പൂശി. കോട്ടയം മെഡിക്കൽ കോളേജിലെ ഏഴംഗ വിദ്യാർഥിസംഘം കുട്ടികളുടെ ഇഷ്ട കാർട്ടൂണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ചായത്തിൽ മുക്കിയ കൈത്തലം പതിപ്പിച്ച് മരച്ചിത്രങ്ങൾക്ക് കുട്ടികൾ ഇലകളും വരച്ചു. വിദ്യാർഥികളുടെ പ്രതിനിധിയായെത്തിയ ഡോണിന്റെ തൂലിക ചലിച്ചപ്പോൾ ചുമരിൽ സൂര്യനുദിച്ചു.
ഐ.സി.എച്ച്. സൂപ്രണ്ട് ഡോ. പി. സബിത, ആർ.എം.ഒ. കെ.പി. ജയപ്രകാശ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.
മുടിയൂർക്കര സ്കൂളിലെ സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ശാലിനി, അധ്യാപികമാരായ ഹണി തോമസ്, മേരിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. സീഡും ഹരിതകേരളമിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പായൽ പുതച്ചുറങ്ങിയ ചുമരിനെ വർണചിത്രങ്ങൾ വിളിച്ചുണർത്തുന്ന കാഴ്ചയ്ക്ക് ആശുപത്രിയിലെത്തിയവരും ഓട്ടോ ഡ്രൈവർമാരുമെല്ലാം സാക്ഷികളായി. 

July 03
12:53 2018

Write a Comment

Related News