SEED News

ഇരപ്പൻപാറ വെള്ളച്ചാട്ടം: വികസന പദ്ധതികൾ നടപ്പാക്കും

ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഇരപ്പൻപാറ വെള്ളച്ചാട്ട പ്രദേശം ടൂറിസത്തിന്റെ ഭാഗമായുള്ള വികസനത്തിന് വഴിയൊരുങ്ങുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, വൈസ് പ്രസിഡന്റ് എ.എ.സലീം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളം ഉദ്യോഗസ്ഥരും വ്യാഴാഴ്ച ഇരപ്പൻപാറയിലെത്തി വികസന സാധ്യതകൾ വിലയിരുത്തി. കഴിഞ്ഞദിവസം 'മാതൃഭൂമി'യിൽ ചത്തിയറ വി.എച്ച്.എസ്.എസിലെ സീഡ് റിപ്പോർട്ടർ എസ്.ജെ. ഫാത്തിമയുടെ ഇരപ്പൻപാറയുടെ ടൂറിസം സാധ്യതകളെക്കുറിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്നായിരുന്നു ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സന്ദർശനം. വെള്ളച്ചാട്ട പ്രദേശത്ത് സംരക്ഷണവേലി നിർമാണം, തണൽമരങ്ങൾനട്ട് സൗന്ദര്യവത്‌കരണം, പരിസരം കെട്ടിഉയർത്തി ഇന്റർലോക്ക് നിരത്തൽ, കുട്ടികളുടെ പാർക്ക് എന്നിവയടങ്ങുന്ന പദ്ധതി ആദ്യഘട്ടമായി നടപ്പാക്കാനാണ് ആലോചന. ഇരപ്പൻപാറയിലെ ടൂറിസംസാധ്യതകൾ ജില്ലാ ടൂറിസം പ്രമോഷൻ  കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ശാന്താ ശശാങ്കൻ, അംഗങ്ങളായ എസ്.എ.റഹീം, വി.രാജു, എൻ.അജയൻ പിള്ള, എ.ഇ. ശ്രീജ, ഓവർസിയർ ജോൺസൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

August 01
12:53 2018

Write a Comment

Related News