SEED News

മാർത്താണ്ഡൻ’ അമ്മച്ചിപ്ലാവിലൊളിച്ചു; തിരഞ്ഞെത്തിയ പടയാളികളുടെ മടക്കം വെറുംകൈയോടെ....

നാലു നൂറ്റാണ്ടിലേറെ പ്രായമുള്ള അമ്മച്ചിപ്ലാവിന് നാടിന്റെ ആദരം


അമ്മച്ചിപ്ലാവിനെ ആദരിച്ച് സീഡ് പ്രവർത്തകർ സംരക്ഷണ വലയം തീർത്തപ്പോൾ   കൊടുങ്ങൂർ: ഓടിവലഞ്ഞെത്തിയ ‘മാർത്താണ്ഡ’നെ അമ്മച്ചിപ്ലാവ് മാറോടു ചേർത്തു നിർത്തി; ആരും കാണാതെ. പിൻതുടർന്നെത്തിയ എട്ടുവീട്ടിൽപിള്ളമാരുടെ പടയാളികളാകട്ടെ നാടാകെ തിരഞ്ഞ്, വലഞ്ഞ്, വശംകെട്ട് മാർത്താണ്ഡനെക്കിട്ടാതെ വെറുംകൈയോടെ മടങ്ങി.
മാർത്താണ്ഡവർമയെന്ന മഹാരാജാവും എട്ടുവീട്ടിൽ പിള്ളമാരുടെ ചരിത്രവും ‘അമ്മച്ചിപ്ലാവി’ന് മുൻപിൽ പുനർജനിച്ചു. കാഴ്ചക്കാർക്കായി ചരിത്രം വീണ്ടും മിഴിതുറന്ന നിമിഷം. വാഴൂർ ഗവ. ഹൈസ്കൂളിലെ ‘സീഡ്’ കൂട്ടുകാരാണ് ചരിത്രത്തെ പുനരാവിഷ്കരിച്ചത്.
മാർത്തണ്ഡവർമ, അദ്ദേഹത്തിന് പ്ലാവിലൊളിക്കാൻ വഴികാട്ടിക്കൊടുത്ത ബധിരൻ, എട്ടുവീട്ടിൽ പിള്ളമാരുടെ പടയാളികൾ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അഭിനയമികവ് പുറത്തെടുത്തു.
കൊടുങ്ങൂർ ദേവീക്ഷേത്രത്തിന് സമീപം ചെങ്ങളത്തു വീട്ടിൽ 88 വയസ്സിലെത്തിയ ദേവകിയമ്മയുടെ പുരയിടത്തിലാണ് പ്ലാവ്. 256 ഇഞ്ച് നെഞ്ചളവുള്ള പ്ലാവിലെ പൊത്തിൽ കുട്ടികൾക്ക് കയറാനുള്ള അവസരം ഒരുക്കിയിരുന്നു. ഒരേ സമയം അഞ്ചു പേർക്കുവരെ ഇതിനുള്ളിൽ കയറാനാകും.
കർക്കടക മഴയിൽ കുതിർന്ന പകൽ. പ്രകൃതിയൊരുക്കിയ കുട്ടിവനത്തിനുള്ളിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അമ്മച്ചിപ്ലാവ്. തൊട്ടു തൊഴുതും കൈകൾ പരസ്പരം കോർത്തു പിടിച്ച് സംരക്ഷണവലയം തീർത്തും അമ്മച്ചിപ്ലാവിന് കുട്ടികൾ ആദരമർപ്പിച്ചു. 
വാഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. പുഷ്കലാ ദേവി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും വനംവന്യജീവി ബോർഡംഗവുമായ കെ. ബിനു ചരിത്രപാഠങ്ങൾ പകർന്നു നൽകി. കുട്ടികൾക്ക് ചക്കയുപ്പേരിയും തൃമധുരവും നൽകി. ചിത്രകാരൻ സുനിൽ വാഴൂർ അമ്മച്ചി പ്ലാവിന്റെ ചിത്രം വരച്ച് സ്കൂളിന് കൈമാറി. 







September 10
12:53 2018

Write a Comment

Related News