environmental News

വായു മലിനീകരണം കൂടുതല്‍ ഏഷ്യന്‍ നഗരങ്ങളിലെന്ന് ലോകാരോഗ്യ സംഘടന.

2018 മേയില്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ അകാല മരണങ്ങളില്‍ 88 ശതമാനവും വായു മലിനീകരണം മൂലം സംഭവിച്ചതാണ്. ഏഷ്യയിലെ പ്രധാന നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന് അനുപാതികമായി മലിനീകരണത്തിന്റെ തോത് വര്‍ധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ 2000ല്‍ വാഹനങ്ങളുടെ എണ്ണം 15 ലക്ഷമായിരുന്നത് 2014ല്‍ 50 ലക്ഷമായി ഉയര്‍ന്നു. 2010ല്‍ 47 ലക്ഷം വാഹനങ്ങളുള്ള ഡെല്‍ഹി നഗരത്തില്‍ 2030 ആകുമ്പോഴേക്കും ഇത് 2.56 കോടിയായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇംഗ്ലണ്ടിലെ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ക്ലീന്‍ എയര്‍ റിസര്‍ച്ചിന്റെ (GCARE) പ്രസിദ്ധീകരണമായ Atmospheric Environment ഏഷ്യന്‍ നഗരങ്ങളില്‍ അമിത വാഹന ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന വായു മലിനീകരണത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗത്തേത്തുടര്‍ന്ന് വായുവില്‍ സൂക്ഷ്മ കണങ്ങളും  ബ്ലാക്ക് കാര്‍ബണും വര്‍ധിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം തന്നെ അന്തരീക്ഷവായുവില്‍ കലരുന്ന അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിളുകള്‍ (UFP) എളുപ്പത്തില്‍ ശ്വാസകോശത്തിലെത്തിച്ചേരുകയും മരണകാരണമാവുകയും ചെയ്യുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഏഷ്യയിലെ തിരക്കേറിയ നഗരവീഥികളിലൂടെ നടക്കുന്ന ആളുകളുടെ ശരീരത്തില്‍ കാണപ്പെടുന്ന ഫൈന്‍ പാര്‍ട്ടിക്കിളുകളുടെ അളവ്, യൂറോപ്പ്, അമേരിക്കന്‍ നഗരങ്ങളിലുള്ളവരേക്കാള്‍ 1.6 മടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യയിലെ കാര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇത് ഒന്‍പത് മടങ്ങ് വരെയാണ്. അതേസമയം കാല്‍നടയാത്രക്കാരില്‍ ബ്ലാക്ക് കാര്‍ബണിന്റെ അളവ്  ഏഴ് മടങ്ങ് കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യൂറോപ്പ്, അമേരിക്കന്‍ നഗരങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കാറുകളില്‍ നിന്നും പുറന്തള്ളുന്ന ശരാശരി ബ്ലാക്ക് കാര്‍ബണിന്റെ അളവ് നാല് മടങ്ങ് കൂടുതലാണ്. 

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 56 ലക്ഷം ആളുകളാണ് വായു മലിനീകരണത്തിന്റെ അനന്തര ഫലമായുണ്ടായ അസുഖങ്ങള്‍ മൂലം മരണപ്പെടുന്നത്. ആസ്തമ, ശ്വാസകോശാര്‍ബുദം, ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് തുടങ്ങി ഒരുപിടി അസുഖങ്ങള്‍ വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നു. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളും വന്‍ തോതിലുള്ള വായു മലിനീകരണ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.

September 20
12:53 2018

Write a Comment