SEED News

ഭക്ഷ്യദിനത്തിൽ നാടൻവിഭവങ്ങളുടെ മേളയൊരുക്കി പുതിച്ചൽ യു.പി. സ്‌കൂൾ

നെയ്യാറ്റിൻകര: പച്ചമാങ്ങ ജ്യൂസ്, ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള സ്‌ക്വാഷ്, ബ്രഡ് കൊണ്ടുള്ള പുട്ട്, തനിനാടൻ കിണ്ണത്തപ്പം. തീരുന്നില്ല നാടൻ ഭക്ഷ്യമേളയിലെ വിഭവങ്ങൾ. രുചിക്കൂട്ടിന്റെ കലവറ തീർത്ത പുതിച്ചൽ ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥികളൊരുക്കിയ ഭക്ഷ്യമേള വേറിട്ട രുചിക്കാഴ്ചയായി.

ലോക ഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളിൽ വിദ്യാർഥികളൊരുക്കിയ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചത്. തനിനാടൻ വിഭവങ്ങൾ മാത്രം ഒരുക്കിയ ഭക്ഷ്യമേള നാട്ടുകാർക്ക് വേറിട്ട അനുഭവമായി. നാന്നൂറോളം നാടൻ വിഭവങ്ങളാണ് മേളയിൽ വിദ്യാർഥികൾ തയ്യാറാക്കിവെച്ചത്.

ഓരോ വിഭവങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഓരോ വിദ്യാർഥികളും വീടുകളിൽനിന്നാണ് മേളയ്ക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്തുകൊണ്ടുവന്നത്.

മേളയുടെ ഭാഗമായി മാതൃഭൂമി സീഡ് പദ്ധതിയുടെ വിത്തുവിതരണം നടന്നു. ഭക്ഷ്യമേള പ്രഥമാധ്യാപിക ഷീല ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ രാജീവ്, പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു.

അധ്യാപിക എ.കെ.സുജ മേളയ്ക്കു നേതൃത്വം നൽകി. ഭക്ഷ്യവസ്തുക്കളിലെ മായം എങ്ങനെ കണ്ടെത്താം എന്ന വിഷയത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ലിയോ ക്ലാസ് എടുത്തു.


October 22
12:53 2018

Write a Comment

Related News