SEED News

ഭൂമി എല്ലാവരുടേതുമെന്ന ബോധ്യമുണ്ടാവണം -സ്പീക്കർ ശ്രീരാമകൃഷ്ണൻ

കോഴിക്കോട്: ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ബോധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാവണമെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്നു നടത്തുന്ന നക്ഷത്രവനം പദ്ധതിയുടെ സംസ്ഥാനതല പുരസ്‌കാരവിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല. പ്രകൃതിസമ്പത്ത് കാത്തുസൂക്ഷിക്കുകയെന്നതാണ് ആധുനികസമൂഹത്തിന്റെ ലക്ഷണം. അതിൽനിന്നു പിന്തിരിയുന്ന മുതിർന്നവരെ തിരുത്തി നേർവഴിക്കു നയിക്കാൻ കുട്ടികൾക്കു കഴിയണം -സ്പീക്കർ പറഞ്ഞു.

സംസ്ഥാനതല പുരസ്‌കാരം കോഴിക്കോട് മീഞ്ചന്ത രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്കൂളിന് സ്പീക്കർ സമ്മാനിച്ചു. ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ രാമനാട്ടുകര സേവാമന്ദിർ പി.ബി.എച്ച്.എസ്.എസിനും രണ്ടാംസ്ഥാനം നേടിയ വെള്ളിപറമ്പ് സദ്ഭാവന വേൾഡ് സ്കൂളിനും അദ്ദേഹം പുരസ്‌കാരം സമ്മാനിച്ചു. രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ച പുരസ്കാരത്തുക വെസ്റ്റ്ഹിൽ പുവർഹോം സൊസൈറ്റിക്ക് സംഭാവനചെയ്തു.

മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റർ പി.ഐ. രാജീവ് അധ്യക്ഷനായി. വൈദ്യരത്നം ഔഷധശാല ഡയറക്ടർ കെ.കെ. വാസുദേവൻ, ജനറൽ മാനേജർ (മാർക്കറ്റിങ്) കെ. ശ്രീകുമാർ, രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്കൂൾ മാനേജർ സ്വാമി വീതസംഗാനന്ദ, പ്രധാനാധ്യാപിക കെ. സുമ, പുവർഹോം സൊസൈറ്റി മാനേജർ ടി.എ. അശോകൻ എന്നിവർ സംസാരിച്ചു

November 09
12:53 2018

Write a Comment

Related News