SEED News

ആഘോഷതിമിർപ്പിൽ കുഞ്ഞുകൂട്ടുകാരുടെ കൊയ്ത്തുത്സവം

കാളിയാർ: കൊയ്ത്തുത്സവത്തിൽ ആർത്തുല്ലസിച്ച് കാളിയാർ സെന്റ് മേരീസ് എൽ.പി.സ്കൂളിലെ കൊച്ചുകൂട്ടുകാർ.നാടൻപാട്ടും കൊയ്ത്തരിവാളുമേന്തി കൊയ്യാനിറങ്ങിയ സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ കൊയ്ത്തുപാട്ടിന് ഒത്തുതാളം ചവിട്ടി. പാളകൊണ്ട് അരിവാൾ മാതൃക ഉണ്ടാക്കിയും കറ്റകൊയ്തും ചുമന്നും മെതിച്ചും കുട്ടിക്കൂട്ടങ്ങൾ കൊയ്ത്തുത്സവം ആഘോഷമാക്കിമാറ്റി.

മൂന്നാംക്ലാസിലെ ‘നന്മ വിളയിക്കും കൈകൾ’ എന്ന പാഠഭാഗം കൊയ്ത്തുത്സവത്തെ പഠന പ്രവർത്തനവുമാക്കി.നെൽക്കൃഷിയുടെ വിവിധഘട്ടങ്ങളുടെ ചിത്രപ്രദർശനവും ഇതോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തിന് തൊട്ടുമുമ്പ് വിതച്ച വിത്തെല്ലാം പ്രളയമെടുത്തിരിക്കാമെന്ന് കരുതിയെങ്കിലും സീഡ് അംഗങ്ങളുടെ അധ്വാനത്തിന് നൂറുമേനി വിളവേകിയാണ് പ്രകൃതി കനിഞ്ഞത്.കൊയ്ത്തുമായി ബന്ധപ്പെട്ട പനമ്പ്, മുറം, കൊട്ട, വട്ടി, പറ, നാഴി, ഇടങ്ങഴി തുടങ്ങിയ ഉപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ റവ.ഫാ.ജോൺ ആനിക്കോട്ടിൽ, ജില്ലാ കൃഷി ഓഫീസർ ആൻസി ജോൺ, വണ്ണപ്പുറം കൃഷി ഓഫീസർ ഡോ.പിന്റു റോയി, പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് അസീസ്, ഷൈനി റെജി, ഡയറ്റ് സീനിയർ ലക്ച്ചേഴ്സ് സാനു വി.കെ, ഡോ.കെ.രഘുറാം, പ്രഥമാധ്യാപിക ഷിബി മോൾ ജോസഫ്, പി.ടി.എ.പ്രസി. അഷറഫ് റ്റി.എം, എം.പി.ടി.എ. പ്രസി. അനു സിജോ.എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം അരങ്ങേറിയത്.

December 13
12:53 2018

Write a Comment

Related News