SEED News

മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ്. സീഡ് വിശിഷ്ട ഹരിതവിദ്യാലയം കുട്ടികളെ പ്രകൃതിയോടൊപ്പം നടത്താന്‍ മാതൃഭൂമിയും ഫെഡറല്‍ബാങ്കും ചേര്‍ന്ന് പത്തുവര്‍ഷമായി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2018-19ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒരുലക്ഷം രൂപയുടെ വിശിഷ്ട ഹരിതവിദ്യാലയപുരസ്‌കാരം സ്വന്തമാക്കി. ഇടുക്കി രാജകുമാരി ഹോളിക്യൂന്‍സ് യു.പി. സ്‌കൂള്‍ രണ്ടാംസ്ഥാനവും തിരുവനന്തപുരം ലൂര്‍ദിപുരം സെയ്ന്റ് ഹെലന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. രണ്ടും മൂന്നും സ്ഥാനത്തിന് യഥാക്രമം 75,000 രൂപയും 50,000 രൂപയുമാണ് സമ്മാനം.

സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ജില്ലാ, സംസ്ഥാന തലത്തില്‍ പരിശോധിച്ച് തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജൂറി അംഗങ്ങള്‍ സന്ദര്‍ശിച്ചാണ് വിജയികളെ തീരുമാനിച്ചത്.

 

 

 

 

 

പ്രകൃതിയെ അടുത്തറിഞ്ഞവര്‍ക്ക്

അംഗീകാരമായി സീഡ് പുരസ്‌കാരങ്ങള്‍

 

 

കോഴിക്കോട്:  കണ്ടലും ഞണ്ടും തമ്മിലെന്താണ്? കണ്ണൂര്‍ മൊകേരി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ക്ക് അതിനുത്തരമുണ്ട്.

കണ്ടലിനെ സംരക്ഷിച്ചുവളര്‍ത്തുന്നത് ഞണ്ടുകളാണെന്നാണ് ഇവരുടെ നിരീക്ഷണം. പൊഴിഞ്ഞുവീഴുന്ന ഇലകള്‍ ശേഖരിച്ച് വളമാക്കുന്നതും മുളപൊട്ടിവീഴുന്ന തൈകള്‍ വലിച്ച് മറ്റൊരിടത്ത് എത്തിക്കുന്നതും ഞണ്ടുകളാണ്. ഇവയൊക്കെ കണ്ടല്‍ച്ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് കണ്ടലിനൊപ്പം വംശനാശഭീഷണി നേരിടുന്ന ഞണ്ടുകളെയും സംരക്ഷിക്കാന്‍ മൊകേരി സ്‌കൂളിലെ കുട്ടികളെ പ്രേരിപ്പിച്ചത്.

കുയ്യാലി പുഴയോരത്തെ കണ്ടല്‍ക്കാടുകളില്‍ ഞണ്ടുകളെ നിക്ഷേപിച്ച് നടത്തിയ പരീക്ഷണം വിജയിച്ച സന്തോഷത്തിലാണവര്‍. ഇത്തരത്തില്‍ വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ മാതൃഭൂമി സീഡ് വിശിഷ്ട ഹരിതവിദ്യാലയമാക്കിയത്.

പാറക്കെട്ടുനിറഞ്ഞ കുന്നിന്‍മുകളിലെ വിദ്യാലയ പരിസരം ചെടികള്‍നട്ട് ഹരിതാഭമാക്കി. സ്‌കൂളില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ കനകമലയില്‍ മരങ്ങള്‍വെച്ച് വനമൊരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. സ്‌കൂള്‍വിട്ട് ഇരുട്ടുംവരെയുള്ള ജോലികള്‍ക്ക് വീട്ടുകാരുടെ പിന്തുണയുമുണ്ട്.

സ്‌കൂളിലെ എല്ലാ സസ്യങ്ങളുടെയും ശാസ്ത്രനാമം എഴുതി പ്രദര്‍ശിപ്പിച്ചു. 'ഒരു ചായ ഒരു ചോല' എന്നപേരില്‍ പാനൂരിലെയും പരിസരങ്ങളിലെയും ഹോട്ടലുകളുടെ മുന്നില്‍ കൈകഴുകുന്ന സ്ഥലത്തെ വെള്ളം ഉപയോഗിക്കാവുന്ന വിധത്തില്‍ മരം നട്ടുവളര്‍ത്തി. കുന്നോത്തുമുക്ക് തോട് മാലിന്യമുക്തമാക്കി തെളിനീരൊഴുക്കി. സീഡ് കോ-ഓര്‍ഡിനേറ്ററായ ബോട്ടണിവിഭാഗത്തിലെ ഡോ. പി. ദിലീപിന്റെ മേല്‍നോട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറ നല്‍കി.

 


April 18
12:53 2019

Write a Comment