SEED News

പച്ചപ്പ് കാക്കാൻ , നട്ടു നനച്ചു തുടക്കം

പാലക്കാട്:  ഭൂമിയുടെ പച്ചപ്പ് കാക്കാനുള്ള പുതുതലമുറയുടെ  ശ്രമങ്ങളുടെ തുടർച്ചയായി മാതൃഭൂമിയുടെ സീഡ് പദ്ധതി 11-ാം വർഷത്തെ ജില്ലാതല പ്രവർത്തനോദ്ഘാടനവും പരിസ്ഥിതിദിനാചരണവും നടത്തി.  പരിസ്ഥിതിസംരക്ഷണം വീട്ടിൽനിന്ന് തുടങ്ങണമെന്നും അത് കുട്ടികളിൽനിന്നാകണമെന്നും നിർദേശിച്ച്  ദക്ഷിണറെയിൽവേ സീനിയർ ഡിവിഷണൽ പേഴ്സണൽ ഓഫീസർ എം.പി. ലിപിൻ രാജ്  ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്കുമായി സഹകരിച്ചാണ്  മാതൃഭൂമി  സീഡ് പദ്ധതി നടപ്പാക്കുന്നത്.  
ഹേമാംബിക നഗർ കേന്ദ്രീയവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി പാലക്കാട്  ന്യൂസ് എഡിറ്റർ ആർ.കെ. കുമാർ അധ്യക്ഷനായി. വനിതാ-ശിശു വികസനവകുപ്പിന്റെ ഉജ്ജ്വലബാല്യം അവാർഡ് നേടിയ അതുൽകൃഷ്ണ മുഖ്യാതിഥിയായി. പരിമിതകളൊന്നും പരിസ്ഥിതിസംരക്ഷണത്തിന് തടസ്സമല്ലെന്നും പ്രകൃതിയെ സ്നേഹിച്ചാൽത്തന്നെ പരിസ്ഥിതിസംരക്ഷണമാകുമെന്നും അതുൽകൃഷ്ണ പറഞ്ഞു. പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ എം.പി. ലിപിൻ രാജും അതുൽകൃഷ്ണയും ചേർന്ന് കറ്റാർവാഴത്തൈ നട്ടു.
പ്രിൻസിപ്പൽ  അഗ്രികൾച്ചർ ഓഫീസർ പി. ഉഷ  വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വായുമലിനീകരണം നിയന്ത്രിക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംരക്ഷണ പരിപാടിയുടെ ആശയത്തിലൂന്നിയായിരുന്നു പ്രതിജ്ഞ. കേന്ദ്രീയവിദ്യാലയ പ്രിൻസിപ്പൽ എം.കെ. രാജപ്പൻ,  ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ബി. ദിലീപ്, സോഷ്യൽ ഫോറസ്റ്ററി ഡെപ്യൂട്ടി കൺസർവേറ്റർ  ജി. ഹരികൃഷ്ണന് നായർ, ഡി.ഇ.ഒ. സി.വി. അനിത, മലിനീകരണനിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എൻവയോൺമെന്റൽ എൻജിനീയർ അനീഷ ഫാത്തിമ, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് എന്നിവർ സംസാരിച്ചു.

June 06
12:53 2019

Write a Comment

Related News