environmental News

ഡോക്ടേഴ്‌സ് ദിനം

ഡോക്ടര്‍മാര്‍ക്ക് ഡീസംഗങ്ങളുടെ ആദരം.


ആലുവ: കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളാണ് ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സഹായിച്ചതെന്ന് ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി പറഞ്ഞു. രോഗം തുടക്കത്തില്‍ കണ്ടെത്താനും മറ്റൊരാളിലേയ്ക്ക് വൈറസ് പടരാതിരിക്കാനും രോഗിയ്ക്ക് ഫലപ്രദമായ ചികിത്സ നല്‍കി രക്ഷിക്കാനും കഴിഞ്ഞത് മുന്‍പുണ്ടായ അനുഭവങ്ങള്‍ മൂലമാണെന്ന് അവര്‍ പറഞ്ഞു. മാതൃഭൂമി 'സീഡ്' ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടര്‍മാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. 
രോഗം വരാതിരിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞു. പരിസര ശുചീകരണവും വൃത്തിയോടു കൂടിയുള്ള ജീവിത ശൈലിയും ശീലമാക്കണമെന്നും അവര്‍ കുട്ടികളോട് പറഞ്ഞു. 
ആലുവ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി, ഡോക്ടര്‍മാരായ എന്‍. വിജയകുമാര്‍, കെ.വി. വിനയകുമാര്‍, ഗീത, സിറിള്‍.ജി. ചെറിയാന്‍, മനു.പി. വിശ്വം എന്നിവര്‍ക്കാണ് സീഡംഗങ്ങള്‍ ആദരവ് നല്‍കിയത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അടിത്തറയൊരുക്കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമായ ജൂലായ് ഒന്നാം തീയതിയാണ് ദേശീയ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിലവില്‍ വന്നതും ഡോ. റോയിയുടെ പരിശ്രമം മൂലമാണ്. 1961 ല്‍ രാജ്യം ഡോ.ബി.സി. റോയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. 
ആലുവയിലെ മാതൃഭൂമി 'ആര്‍ബറേറ്റ'ത്തില്‍ വെച്ച്് നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍, ഡി.ടി.പി.സി. സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ മേഖലയെ കുറിച്ചും വിവിധ അസുഖങ്ങളെ പറ്റിയുമുള്ള സീഡംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മറുപടി നല്‍കി. 
കുട്ടമശേരി ഗവണ്‍മെന്റ് എച്ച്.എസ്.എസ്, നീലേശ്വരം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, തൃക്കാക്കര മേരീ മാതാ പബ്ലിക്ക് സ്‌കൂള്‍, വാഴക്കാല നവനിര്‍മ്മാണ്‍ പബ്ലിക്ക് സ്‌കൂള്‍, പൂത്തോട്ട ശ്രീനാരായണ പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലെ സീഡംഗങ്ങളും സീഡ് കോഡിനേറ്റര്‍മാരായ അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

July 01
12:53 2019

Write a Comment