SEED News

അധ്യാപക ശില്പശാല.

കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ നടണമെന്ന് സബ് കളക്ടർ

കല്പറ്റ: വിദ്യാലയങ്ങളിലൂടെ വയനാടിനെ വീണ്ടെടുക്കാനുള്ള മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജമേകി അധ്യാപക ശില്പശാല.

പത്തുവർഷമായി വിദ്യാർഥികളെ പ്രകൃതിയോടൊപ്പം നടത്തുന്ന പദ്ധതിയുടെ പുതിയ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കിയ ശില്പശാല അധ്യാപകരുടെ വൻ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വൈത്തിരി, സുൽത്താൻബത്തേരി താലൂക്കുകളിലെ അധ്യാപകരാണ് കല്പറ്റയിൽ ഒത്തുകൂടിയത്.

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ വിദ്യാർഥികളെ അണിനിരത്തി ചെറുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശില്പശാലയെ സമഗ്രമാക്കി. രണ്ട് താലൂക്കുകളിൽ നിന്നുമായി 170 അധ്യാപകർ പങ്കെടുത്തു.

സബ്കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മനസ്സിൽ നല്ല ചിന്തകൾ നട്ടുവളർത്താൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് അധ്യാപകർക്കുള്ളത്. ഭാവിയിൽ ലോകം എങ്ങനെയുണ്ടാവണമെന്ന് നിശ്ചയിക്കാനാവുന്നത് അധ്യാപകർക്കാണ്.

ഭാവിയെ കരുതിയുള്ളതാണ് സുസ്ഥിര വികസനം, താത്കാലികാവശ്യങ്ങൾക്കുവേണ്ടിയുള്ളതല്ല. വീടാണ് ലോകമെന്ന ചിന്ത കുട്ടികളിൽനിന്ന് മാറ്റി ലോകത്തെയാകെ ഒന്നായിക്കാണുന്ന തരത്തിലേക്ക് അവരെ വളർത്തണം. പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃഭൂമി സീഡിന്റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ബുക്സ് മാനേജർ ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് കല്പറ്റ മാനേജർ മുഹമ്മദ് നാദിക് മുഖ്യാതിഥിയായി. മാതൃഭൂമി ബ്യൂറോ ചീഫ് എ.കെ. ശ്രീജിത്ത്, സെയിൽസ് ഓർഗനൈസർ പി.കെ. രാജൻ, അധ്യാപകരായ കെ.ടി. ജസീദ, അസ്കർ അലി ഖാൻ, കെ.കെ. മഞ്ജുഷ എന്നിവർ സംസാരിച്ചു.

July 31
12:53 2019

Write a Comment

Related News