environmental News

പശ്ചിമഘട്ട കാടുകളില്‍ ആയിരം കടുവകള്‍

കേരളത്തിലെ കടുവകളുടെ എണ്ണം 190

നാലുവര്‍ഷം കൊണ്ട് കൂടിയത് 54 എണ്ണം

തൃശ്ശൂര്‍: പശ്ചിമഘട്ടത്തിലെ കാടുകളിലുള്ളത് ആയിരത്തോളം കടുവകള്‍. കേരളത്തില്‍ കടുവകളുടെ എണ്ണം 190 ആണെന്നും ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നാലു വര്‍ഷം കൊണ്ട് 750 കടുവകള്‍ കൂടിയപ്പോള്‍ അതില്‍ കേരളത്തിന്റെ സംഭാവന 54 ആണ്. 

കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടമേഖലയില്‍ ആകെ 981 കടുവകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ 871 മുതല്‍ 1,093 വരെ കടുവകളെ പശ്ചിമഘട്ടത്തില്‍ കണ്ടേക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഏതാണ്ട് ഈ കണക്കുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. 

ഒരുവ്യാഴവട്ടത്തിനിടെ പശ്ചിമഘട്ടത്തില്‍ 579 കടുവകള്‍ കൂടിയിട്ടുണ്ട്. കടുവകളെ കണ്ടെത്താന്‍ ഏറ്റവും പ്രയാസമേറിയ കാടുകളാണ് പശ്ചിമഘട്ടത്തിലേത്. ഉത്തരേന്ത്യയിലെ പോലെ 'തുറന്ന' കാടുകളല്ല എന്നുള്ളതിനാല്‍ കടുവകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ 'ക്യാമറ ട്രാപ്പുകള്‍' സ്ഥാപിക്കുന്നത് വരെ വെല്ലുവിളികളായിരുന്നു. പശ്ചിമഘട്ടത്തില്‍ ഏറ്റവും അധികം കടുവകളുള്ളത് കര്‍ണാടകയിലും (524), തമിഴ്‌നാട്ടിലുമാണ് (264). പശ്ചിമഘട്ടത്തില്‍ ബാക്കിയെല്ലായിടത്തും കടുവകള്‍ കൂടിയപ്പോള്‍ 2014ല്‍ അഞ്ച് കടുവകളെ കണ്ടെത്തിയ ഗോവയില്‍ അത് മൂന്നായി കുറഞ്ഞു. 

ഇന്ത്യയില്‍ 12 വര്‍ഷത്തിനിടെ 1,556 കടുവകള്‍ കൂടിയപ്പോള്‍ കേരളത്തില്‍ ഇത് 144 ആണ്. 2006ല്‍ കേരളത്തില്‍ 46 കടുവകള്‍ മാത്രമായിരുന്ന സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ 190ല്‍ എത്തിയിരിക്കുന്നത്. കേരളത്തില്‍ വയനാടാണ് ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടെത്തിയത്. വന്യജീവിസങ്കേതത്തിലും ആറളം വരെയുള്ള മേഖലകളിലുമായി ഏതാണ്ട് 90 മുതല്‍ 100 കടുവകളുണ്ടെന്നാണ് സൂചന. പറമ്പിക്കുളം, പെരിയാര്‍ എന്നിവടങ്ങളില്‍ 25-30 വീതം കടുവകളുമുണ്ട്. ഈ രണ്ടിടത്തും ഒരു ചതുരശ്ര കിലോമീറ്ററില്‍ രണ്ട് കടുവകള്‍ എന്ന രീതിയില്‍ ആണ് കണക്കാക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാല്‍ കേരളത്തിലെ എല്ലാ കാടുകളിലും 'ക്യാമറ ട്രാപ്പ്' വെയ്ക്കാന്‍ സാധിച്ചിട്ടില്ല എന്നതിനാല്‍ എണ്ണം ഇപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതലാകാനാണ് സാധ്യത. 


കടുവകളുടെ എണ്ണം
പശ്ചിമഘട്ടത്തില്‍
2006 - 402
2010 - 534
2014 - 776
2018 - 981

കേരളത്തില്‍ 
2006 - 46
2010 - 71
2014 - 136
2018 - 190  

കടുവാസങ്കേതങ്ങളുടെ കരുതലില്‍ കേരളം ഒന്നാമത്

കടുവാസങ്കേതങ്ങളിലെ 'പെരിയോനായി' പെരിയാര്‍

ആദ്യ പത്തില്‍ പറമ്പിക്കുളവും

തൃശ്ശൂര്‍: കടുവാസങ്കേതങ്ങള്‍ മികച്ച കരുതലോടെ കാത്തുസൂക്ഷിക്കുന്നതില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിന്. ഈ ഗണത്തില്‍ ഇന്ത്യയിലെ് കടുവാസങ്കേതങ്ങളില്‍ പെരുമയുള്ളതായി പെരിയാര്‍ കടുവാസങ്കേതത്തെ തിരഞ്ഞെടുത്തു. ദേശീയ കടുവാസംരക്ഷണ സമിതിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം മികച്ച രീതയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ രണ്ട് കടുവാ സങ്കേതങ്ങളില്‍ ഒന്നാണ് പെരിയാര്‍. ഈ ഗണത്തില്‍ ആദ്യത്തെ പത്തെണ്ണത്തില്‍ പറമ്പിക്കുളം സങ്കേതവുമുണ്ട്. 

കേരളത്തിനും പെരിയാര്‍ സങ്കേതത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് രാജ്യത്തെ ഏറ്റവും പുതിയ കടുവാകണക്കെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. വിദഗ്ധസമതി നടത്തുന്ന അതിസൂക്ഷമമായ വിലയിരുത്തലിലാണ് കേരളവും പെരിയാറും മുന്നിലെത്തിയത്. ഏറ്റവും മികച്ചത് എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് 18 സംസ്ഥാനങ്ങളിലായി 50 കടുവാസങ്കേതങ്ങളുണ്ട്. ഇവ മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്ന സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തതില്‍ കേരളത്തിന് 90.23 ശതമാനം മാര്‍ക്ക് ആണ് ലഭിച്ചത്. പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവാസങ്കേതങ്ങള്‍. നാല് കടുവാ സങ്കേതങ്ങളുള്ള തമിഴ്‌നാടിനാണ് ഈ ഗണത്തില്‍ രണ്ടാംസ്ഥാനം (82.03). അഞ്ചു സംസ്ഥാനങ്ങള്‍ മാത്രമാണ് ഏറ്റവും മികച്ചത് എന്ന ഗണത്തിലുള്ളത്. 

കടുവാസങ്കേതങ്ങളുടെ ഭരണനിര്‍വഹണത്തിലും കാത്തുസൂക്ഷിപ്പിലും പെരിയാറിനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് (93.75). മധ്യപ്രദേശിലെ പെഞ്ചുമായാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. രണ്ടാംസ്ഥാനം മധ്യപ്രദേശിലെ തന്നെ കന്‍ഹക്കാണ് (89.06). പറമ്പിക്കുളത്തിന് ആറാം സ്ഥാനമാണ് (86.72). 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാസങ്കേതങ്ങളിലൊന്നാണ് പെരിയാര്‍. ശബരിമലയും മംഗളാദേവി ക്ഷേത്രപരിസരവുമുള്‍പ്പടെ 777 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. 1978ല്‍ ആണ് കടുവാസങ്കേതമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ അതിര്‍ത്തിയിലുള്ള പറമ്പിക്കുളം 643.66 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്നു. 2009ല്‍ ആണ് കടുവാസങ്കേതമായി പ്രഖ്യാപിച്ചത്. 

തയ്യാറാക്കിയത് 
ടി.ജെ ശ്രീജിത്ത് 

August 01
12:53 2019

Write a Comment