SEED News

കൂൺകൃഷിയിൽ നൂറുമേനി വിളവുമായി ഇലിപ്പക്കുളം സ്‌കൂൾ

വള്ളികുന്നം: ചിപ്പിക്കൂൺ കൃഷിയിൽ വിജയഗാഥയുമായി ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. രണ്ടാംവർഷ അഗ്രികൾച്ചർ വിദ്യാർഥികളാണ് കൂൺ കൃഷി ചെയ്യുന്നത്. 
സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റുമായി ചേർന്നാണ് സീഡ് ക്ലബ്ബ് കൃഷി നടത്തുന്നത്. ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നാണ് കൂൺ വിത്ത് വാങ്ങിയത്. കൃഷിയ്ക്ക് ആവശ്യമായ വൈക്കോൽ രാസലായനിയിൽ മുക്കി അണുവിമുക്തമാക്കിയ ശേഷമാണ് ബഡുകൾ തയ്യാറാക്കുന്നത്. തുടർന്ന് ബഡുകൾ പോളിത്തീൻ കവറുകളിൽ നിറയ്ക്കും. പിന്നീടാണ് കൂൺ വിത്തുകൾ അതിൽ വിതറുന്നത്.  അധ്യാപകരുടെ മേൽനോട്ടത്തിൽ കൂൺകൃഷിക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതും കൃഷിപരിപാലനവും സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് നടത്തുന്നത്. ക്ലാസ് മുറിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ ഒരുമുറിയിൽ അൻപത് ബഡുകളിലാണ് കൂൺ കൃഷി. ആവശ്യക്കാരായ കുട്ടികൾക്കും അധ്യാപകർക്കും കൂടാതെ സമീപവാസികൾക്കും ഇവിടെനിന്ന് കൂൺ വിൽപ്പന നടത്തുന്നുണ്ട്. കൂൺകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എസ്. വേണു നിർവഹിച്ചു. പ്രിൻസിപ്പൽ ഫിലോമിന കുര്യൻ അധ്യക്ഷയായി. സീഡ് കോ ഓർഡിനേറ്റർ എസ്. ശ്രീനാഥ്, അധ്യാപകരായ സി.ജി. വിനോദ്, ആർ. രതീഷ്, എസ്. ബിനുസോമൻ, പി.ആർ. സുജ എന്നിവർ പങ്കെടുത്തു.

August 03
12:53 2019

Write a Comment

Related News