SEED News

ഒരു മണി അരിയുടെ വിലയെന്തെന്ന് പഠിപ്പിക്കുന്നതിൽ തുടങ്ങണം പ്രകൃതി സംരക്ഷണ ക്ലാസ്-പി.വി.ജയരാജ്


കാഞ്ഞങ്ങാട്: പ്രകൃതി വിഭവങ്ങൾ കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷ്യവിഭവങ്ങൾ കിട്ടാത്ത മഹാദുരന്തത്തിന് അധികം താമസമില്ലെന്നും ഒരു മണി അരിയുടെ വിലയെന്തെന്ന് പറഞ്ഞും പഠിപ്പിച്ചും വേണം പ്രകൃതി സംരക്ഷണ ക്ലാസ് തുടങ്ങാനെന്നും ഹൊസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി.ജയരാജ് പറഞ്ഞു.11-ാം വർഷത്തേക്ക് ചുവടുവയ്ക്കുന്ന മാതൃഭൂമി സീഡിന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതല അധ്യാപക കോർഡിനേറ്റർ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉച്ചഭക്ഷണ സമയത്ത് സ്‌കൂളുകളിലെത്തിയാൽ കാണാം കുട്ടികൾ ഭക്ഷണം പാഴാക്കിക്കളയുന്നത്.കഴിക്കാൻ നൽകുന്നതിന്റെ പാതിയും കുട്ടികൾ ചവറ്റുകൊട്ടയിലിടുന്നു.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നു ചോദിച്ചാൽ നമ്മുടെ കുട്ടികൾക്ക് ഭക്ഷണത്തിന്റെ പ്രാധാന്യം പഠിപ്പിച്ചുകൊടുക്കുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും കഴിഞ്ഞില്ല എന്നു കുറ്റപ്പെടുത്തേണ്ടി വരും.ശാസ്ത്രം പഠിക്കും.എന്നാൽ ജീവിതത്തിൽ അതു പ്രായോഗികമാക്കില്ല.പല നല്ല കാര്യങ്ങളും പ്രായോഗിക തലത്തിലെത്തിക്കാൻ അധ്യാപകർക്കും കഴിയുന്നില്ല.എല്ലാ നല്ല സ്വഭാവങ്ങളും സ്വജീവിതത്തിലൂടെ വിദ്യാർഥികൾക്ക് കാട്ടിക്കൊടുക്കാൻ അധ്യാപകർക്കു കഴിയണം.വിദ്യാർഥികൾ തെറ്റിന്റെ വഴിയിലേക്ക് പോയ ശേഷം പരിതപിക്കുന്നതിലെന്ത് അർഥം.ശരിയായ വഴിയിലൂടെ അവരെ നടത്തിക്കാനുള്ള ഉത്തരവാദിത്വം അധ്യാപകർ മറന്നുപോകുമ്പോൾ,നഷ്ടമാകുന്നത് ഭാവിയിലെ നന്മയുള്ള സമൂഹത്തെയാണ്.വാർത്താ ലോകത്തിനപ്പുറം സാമൂഹിക പ്രതിബദ്ധത എന്നും ചേർത്തുപിടിക്കുന്ന സ്ഥാപനമാണ് മാതൃഭൂമി.സ്വാതന്ത്ര്യ സമര പോരാട്ടത്തിന് പിന്തുണയുമായെത്തിയ മാതൃഭൂമി കാലഘട്ടത്തിനൊപ്പം സഞ്ചരിച്ചു.ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സീഡ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.സീഡിന്റെ മികച്ച അധ്യാപക കോർഡിനേറ്റർ വെള്ളരിക്കുണ്ട് സ്‌കൂളിലെ ഷെർളിതോമസിന് മൺകുടത്തിൽ കറ്റാർ വാഴ സമ്മാനിച്ചായിരുന്നു ഉദ്ഘാടനം.മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഫെഡറൽ ബാങ്ക് കാഞ്ഞങ്ങാട് ശാഖാ മാനേജർ ശ്രുതി.എസ്.നമ്പ്യാർ സംസാരിച്ചു.മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണൻ സ്വാഗതവും സീഡ് എക്‌സിക്കുട്ടിവ് ഇ.വി.ശ്രീജ നന്ദിയും പറഞ്ഞു.സീഡ് കോർഡിനേറ്റർ സി.സുനിൽകുമാർ ക്ലാസെടുത്തു


August 03
12:53 2019

Write a Comment

Related News