environmental News

കത്തിയമരുന്നത് ‘ഭൂമിയുടെ ശ്വാസകോശം’

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയിൽ ആമസോൺ മഴക്കാടുകൾ. ഭൂമിയിലെ ജീവന്റെ നിലനിൽപിനാവശ്യമായ ഓക്സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും. കാട്ടുതീ ഉയർത്തുന്ന ഭീഷണി മൂലം ബ്രസീലിലെ പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

കടുത്ത വരൾച്ചയാണ് ഈ വർഷം ആമസോൺ മഴക്കാടുകൾ നേരിട്ടത്. എൽ നിനോ പ്രതിഭാസമാണ് വരൾച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് ചെരുതും വലുതുമായ 74,155 കാട്ടുതീയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസേർച്ച് നൽകുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ൽ അധികം കാട്ടുതീ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.ബ്രസീലിന്റെ വടക്കൻ മേഖലയെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചിരിക്കുന്നത്. രൂക്ഷമായ കാട്ടുതീയുടെ അനന്തരഫലമായി അന്തരീക്ഷത്തിൽ നിറഞ്ഞ കടുത്ത പുകയും പൊടിപടലങ്ങളും പ്രദേശങ്ങളെ വലയം ചെയ്തിരിക്കുകയാണ്. 
ഭൂമിയുടെ ശ്വാസകോശം എന്നറിയിപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വലിയ അളവിലുള്ള കാർബൺ ബഹിർഗമനമാണ് കാട്ടുതീ സൃഷ്ടിക്കുന്നത്. കാർബൺ ഡൈഓക്സൈഡ് മാത്രമല്ല തടികൾ കത്തുമ്പോൾ പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ആഗോളതാപനം രൂക്ഷമാകുന്നതിനും ഇവ കാരണമാകുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

August 23
12:53 2019

Write a Comment