reporter News

റോഡില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ബോധവത്കരണ സന്ദേശവുമായി സീഡ് പോലീസംഗങ്ങള്‍

തിരുവനന്തപുരം: നഗരത്തിലേക്കുള്ള പ്രധാനപാതയായ വെഞ്ഞാറമൂട്-മണ്ണന്തല എം.സി.റോഡില്‍ റോഡപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതയാത്ര ഒരുക്കുന്നതിനായി നെടുവേലി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ കന്യാകുളങ്ങര കവലയില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. മണ്ണന്തലയ്ക്കും വെഞ്ഞാറമൂടിനുമിടയില്‍ അപകടം പതിയിരിക്കുന്ന പത്തോളം കൊടുംവളവുകളുണ്ട്. ഇരുചക്രവാഹനങ്ങള്‍ വളരെ സൂക്ഷിക്കേണ്ടുന്ന സ്ഥലങ്ങളാണിത്. കൊപ്പം, വേറ്റിനാട്, കണക്കോട്, അരുവിയോട് തുടങ്ങിയ പ്രദേശങ്ങള്‍ ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്ന റെഡ് സ്‌പോട്ടുകളാണ്. ഒരുമാസത്തിനുള്ളില്‍ രണ്ട് ബസ്സപകടമുള്‍പ്പെടെയുള്ള റോഡപകടങ്ങളില്‍ ആറുപേരാണ് മരിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ അമ്പതിലധികം പേര്‍ക്ക് മാരകമായി പരിക്കേറ്റു. സീഡ് അംഗങ്ങള്‍ നടത്തിയ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടറുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വാഹനയാത്രക്കാര്‍ക്ക് കുട്ടികള്‍ ബോധവത്കരണ ലഘുലേഖ നല്‍കി. വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് ഗോപിപ്പിള്ള, വൈസ് പ്രസിഡന്റ് ബേബി ഗിരിജ, എസ്.എം.സി. വൈസ് ചെയര്‍മാന്‍ ജയചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.ജയശ്രീ, പി.ടി.എ. അംഗം ഷിജി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.ബിന്ദു, അധ്യാപകര്‍, സീഡ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

November 19
12:53 2015

Write a Comment