SEED News

കലോത്സവം പ്രകൃതി സൗഹൃദമാകും; മുളം തൊട്ടി തയ്യാറാക്കി തൃത്തല്ലൂരിലെ സീഡ് അംഗങ്ങള്‍


 വലപ്പാട് ഉപജില്ലാ കലോത്സവത്തില്‍ മാലിന്യ ശേഖരണത്തിനായി തയ്യാറാക്കിയ മുളം തൊട്ടികളുമായി തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍


വാടാനപ്പള്ളി: വലപ്പാട് ഉപജില്ലാ കലോത്സവത്തിലെ മാലിന്യം ശേഖരിക്കാന്‍ മുളം തൊട്ടി തയ്യാറാക്കി തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍. കലോത്സവ വേദികളിലൊന്നായ തങ്ങളുടെ വിദ്യാലയത്തിലെത്തുന്നവര്‍ ഉപേക്ഷിക്കുന്ന മാലിന്യം ശേഖരിക്കാനാണ് കുട്ടികള്‍ മുളം തൊട്ടി നിര്‍മിച്ചത്. 
 മുള ചീന്തി മുടഞ്ഞ് മുളക്കാലില്‍ തന്നെ ഉറപ്പിച്ച് തയ്യാറാക്കിയ തൊട്ടിക്ക് നാലടിയോളം ഉയരവും രണ്ടടിയോളം വീതിയുമുണ്ട്. കലോത്സവം ഹരിതാഭമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളുടെ പരിസ്ഥിതി കൂട്ടായ്മയായ സീഡ് പോലീസും ലൗ ഗ്രീന്‍ ക്ലബ്ബും ചേര്‍ന്ന് ആശയം പങ്കുവെച്ചത്.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപനും സ്‌കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗം എന്‍.കെ. വിജയനും ആശയത്തെ പിന്തുണച്ചു.
 സീഡ് പോലീസ് കാഡറ്റുകളായ ശ്രീമവിശ്വര തേജസ്സും ശ്രീഹരിയും സ്‌കൂളിലെ മുളചീന്തി ചുറ്റു കമ്പി കൊണ്ട് കെട്ടി ആദ്യമുണ്ടാക്കിയ തൊട്ടിക്ക് അത്ര ചന്തമുണ്ടായിരുന്നില്ല. പിന്നീട് കണ്ടശ്ശാംകടവിലെ മുള പണിക്കാരുടെ ശിക്ഷണത്തില്‍ പഠിച്ചതിന് ശേഷമാണ് നല്ല ഉറപ്പുള്ള മുളം തൊട്ടി നിര്‍മിച്ചത്.
കുട്ടികള്‍ തയ്യാറാക്കിയ ഈ ഉത്പന്നത്തിന് ആവശ്യക്കാര്‍ ഏറെയുണ്ട്. പക്ഷെ, കലോത്സവത്തിന് ശേഷം തങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസുകാര്‍ക്കും വീതിച്ച് നല്‍കാനാണ് സീഡ് അംഗങ്ങളുടെ തീരുമാനം. കുട്ടികള്‍ തയ്യാറാക്കിയ മുളം തൊട്ടിയുടെ പുറത്തിറക്കല്‍ ചടങ്ങ് സീഡ് ആലോഷമാക്കി. പി.ടി.എ പ്രസിഡന്റ് എ.എ. ജാഫര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.പി. ഷീജ അധ്യക്ഷയായി. അധാപക കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍ പദ്ധതി വിശദീകരിച്ചു. എന്‍.കെ. വിജയന്‍ പ്രഭാഷണം നടത്തി. അധ്യാപകരായ വി. ഉഷകുമാരി, പി.വി. ശ്രീജാ മൗസമി, പി.പി. ജ്യോതി, വിദ്യാര്‍ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ ഡിനെറ്റ് സൈജു, നഫീസത്തുല്‍ മിസിരിയ, ഗായത്രി, ശ്രീമവിശ്വര തേജസ് എന്നിവര്‍ പ്രസംഗിച്ചു.

October 25
12:53 2019

Write a Comment

Related News