environmental News

ലൂസിയെ കണ്ടെത്തിയിട്ട് ഇന്ന് 41 വര്‍ഷം തികയുന്നു

നിങ്ങൾ ആലോചിക്കുന്നുണ്ടാവും ആരാണീ ലൂസി എന്ന്. അവളെ കണ്ടെത്തിയതിൽ എന്താ ഇത്ര വലിയ കാര്യം എന്നും. അതിനര്‍ത്ഥം നിങ്ങൾ മനുഷ്യന്റെ  പ്രധാനപ്പെട്ട ഒരേട്‌ മറന്നു എന്നതാണ്. ഇനി ലൂസി ആരാണെന്നല്ലേ  എങ്കിൽ കേട്ടോളൂ.

41 വർഷങ്ങൾക്ക് മുന്പ് ഗവേഷകര്‍ക്ക് എത്യോപ്യയിൽ നിന്നും പുരാതനമായ ഒരു അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ പരിണാമത്തിലെ കാണാതെ പോയ ഒരു കണ്ണിയാണ് അന്ന് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്.

ലൂസി എന്ന് പേരിട്ടു വിളിച്ച ആ ഫോസിലിന് ഏകദേശം 3.2 ദശലക്ഷം വര്‍ഷം പഴക്കം ഉണ്ടായിരുന്നു. ഈ ഫോസിൽ വാനരനിൽ നിന്നും ഹോമോസാപ്പിയന്‍സ് ആയി മാറിയ മനുഷ്യന്‍റെ പരിണാമത്തിലെ പ്രധാനപ്പെട്ട കണ്ണിയായിരുന്നു. ഫോസിലില്‍ നടത്തിയ പരിശോധനയിൽ നിന്നും  സ്ത്രീ ലിംഗത്തില്‍  പെട്ട ഫോസിൽ ആണെന്ന് മനസിലാക്കിയാണ് ഗവേഷകര്‍ ഈ പൂർവികയ്ക്ക് ലൂസി എന്ന് പേരിട്ടത്.
അസ്ഥികള്‍ക്ക് ചിമ്പൻസിയോട് സാമ്യമുള്ള നീണ്ട കൈകളും ഉന്തിയ വയറുമാണ്‌ ഉള്ളതെങ്കിലും രണ്ടു കാലുകളിൽ നടന്നിരുന്നു ഇവ എന്ന് കണ്ടെത്താൻ ഗവേഷകര്‍ക്കായി. ആസ്ട്രലോപ്പിത്തിക്കസ് അഫരെന്‍സിസ് എന്ന ജീവിവർഗ്ഗമായ ഇവയുടെ തലച്ചോറിന്റെ വികസനം മറ്റു വാനര വര്ഗ്ഗങ്ങളിലേതാണ് എന്നിരുന്നാളും ഹോമോസാപ്പിയന്‍സ് വര്‍ഗ്ഗത്തിലെ പരിണാമത്തിലെ ആദ്യ പടിയായാണ്‌ ആസ്ട്രലോപ്പിത്തിക്കസ് വര്‍ഗ്ഗത്തെ കണക്കാക്കുന്നത്. 1974 ൽ ഗവേഷകരായ ഡോണാള്‍ഡ് ജോണ്‍സണും , ടോം ഗ്രേയും കണ്ടെത്തിയ 47 എല്ലിൻ കഷണങ്ങളാണ്‌ മനുഷ്യന്റെ പരിണാമ വീഥിയിലെ ഈ വിലപ്പെട്ട കണ്ണിയെ നമുക്ക് കാട്ടിത്തന്നത്. ഇന്ന് ഗൂഗിൾ തങ്ങളുടെ ഡൂഡിലൂടെ വാനരനും മനുഷ്യനുമിടയിലെ ലൂസിയുടെ ഓര്‍മ്മ പുതുക്കുകയും ചെയ്യുന്നു .

അവലംബം : ടെലിഗ്രാഫ്

November 24
12:53 2015

Write a Comment