SEED News

'മാതൃഭൂമി സീഡ് ' പുരസ്കാരങ്ങൾ വിതരണംചെയ്തു മാതൃഭൂമി സീഡ് കുളിർമ പരത്തുന്നു -മന്ത്രി കെ.കെ. ശൈലജ

കണ്ണൂർ: വളരെയേറെ ശ്രദ്ധേയമായ പ്രവർത്തനമാണ് മാതൃഭൂമി സീഡ് കാഴ്ചവെക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാതൃഭൂമി സീഡിന്റെ കഴിഞ്ഞവർഷത്തെ പുരസ്കാരങ്ങൾ വിതരണംചെയ്യുകയായിരുന്നു മന്ത്രി. വരണ്ട മാനസികാവസ്ഥയിലാണ് ലോകം. അത് മാറ്റിയെടുക്കുന്നതിന് കുളിർമ പകരണം. മാതൃഭൂമി സീഡ് കുളിർമയാണ് പകരുന്നത്. പച്ചപ്പിന്റെ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് -മന്ത്രി പറഞ്ഞു.
ആരോഗ്യകരമായ ഭക്ഷണശീലം പഠിപ്പിക്കാനും വിഷവിമുക്ത പച്ചക്കറി ലഭ്യമാക്കാനുമായി ആരോഗ്യവകുപ്പ് കൃഷിവകുപ്പുമായി ചേർന്ന് ‘ജീവനം’ പദ്ധതി തുടങ്ങി. സർക്കാർ ഇതുതുടങ്ങുന്നതിനുമുമ്പേ മാതൃഭൂമി സീഡ് സ്കൂളുകളിൽ പച്ചക്കറിക്കൃഷി തുടങ്ങി. ജൈവപച്ചക്കറികൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. അത് കേരളത്തിന്റെ കാർഷികസംസ്കാരത്തിൽ വലിയ മാതൃകയായി -മന്ത്രി പറഞ്ഞു.  
പരിസ്ഥിതിനാശം 
മുതലാളിത്തത്തിന്റെ ആർത്തിമൂലം
-ചുള്ളിക്കാട്
മുതലാളിത്തത്തിന്റെ അമിതലാഭത്തിനുള്ള ആർത്തിയാണ് പരിസ്ഥിതിനാശത്തിന്റെ ഹേതുവെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. മറ്റുമനുഷ്യരോ ജീവജാലങ്ങളോ ഇവിടെ കഴിയണമെന്നതല്ല, പരമാവധി ലാഭം, പരമാവധി സുഖസൗകര്യം, പരമാവധി ആഡംബരം എന്നതാണ് മുതലാളിത്തത്തിന്റെ ലക്ഷ്യം. ഒരു കുളം വൃത്തിയാക്കി സംരക്ഷിക്കുന്നതും ഒരു ചെടി വെച്ചുപിടിപ്പിക്കുന്നതുംപോലും പ്രകൃതിചൂഷണത്തിനെതിരായ വലിയ ചെറുത്തുനിൽപ്പാണ്. അതിന് മാതൃഭൂമി സീഡ് നൽകുന്ന പ്രചാരണവും പ്രചോദനവും മഹത്തരമാണ് -ചുള്ളിക്കാട് പറഞ്ഞു.  
സംസ്ഥാനത്തെ മികച്ച ഹരിതവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളും സംസ്ഥാനതലത്തിൽ മൂന്നാംസ്ഥാനം നേടിയ കാസർകോട് മഡോണ എ.യു.പി. സ്കൂളും ആരോഗ്യമന്ത്രിയിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 
കണ്ണൂർജില്ലയിൽ ഒന്നാംസ്ഥാനം നേടിയ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിനും  കാസർകോട് ജില്ലയിൽ ഒന്നാംസ്ഥാനം നേടിയ തച്ചങ്ങാട് ഗവ. ഹൈസ്കൂളിനും ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം മന്ത്രി സമ്മാനിച്ചു. 
കണ്ണൂർ പോലീസ് സഭാഹാളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.പി. 
നിർമലാദേവി അധ്യക്ഷതവഹിച്ചു. 
 ഫെഡറൽബാങ്ക് സോണൽഹെഡ് സി.വി. റജി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.കെ.കെ. രാംദാസ്, ചീഫ് വനംകൺസർവേറ്റർ കെ. കാർത്തികേയൻ, മാതൃഭൂമി ന്യൂസ്എഡിറ്റർ കെ. വിനോദ് ചന്ദ്രൻ, യൂണിറ്റ് മാനേജർ ജഗദീഷ് ജി. , ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

January 10
12:53 2020

Write a Comment

Related News