SEED News

അക്ഷരത്തണൽ’ ഹാൾ മന്ത്രി ഉദ്ഘാടനംചെയ്തു


പയ്യന്നൂര്‍: 'മാതൃഭൂമി സീഡ്' പകര്‍ന്നുനല്‍കുന്നത് ആശയങ്ങള്‍ പൂമ്പാറ്റകളായിമാറുമെന്ന സങ്കല്പമാണെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച  'അക്ഷരത്തണല്‍' ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാമ്പസ് ഒരു പാഠപുസ്തകമെന്ന പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ആശയം സഫലമാക്കി യഥാര്‍ഥ പാഠപുസ്തകമായി ഈ സ്‌കൂള്‍ മാറി. 
എല്ലാവര്‍ക്കും കുളിര്‍മനല്‍കുന്ന രീതിയില്‍ അക്ഷരങ്ങള്‍ തണല്‍വിരിച്ച് നില്‍ക്കുകയാണ്. അക്ഷരത്തണല്‍ കേവലം കെട്ടിടം മാത്രമല്ല, മറിച്ച് നിരവധി സന്ദേശങ്ങള്‍കൂടി സമൂഹത്തിന് നല്‍കുന്നു.
വിദ്യാഭ്യാസമെന്നത് അറിവ് സമൃദ്ധമായി സമ്പാദിച്ച് മനുഷ്യനെ മനുഷ്യനാക്കിമാറ്റുന്ന പ്രക്രിയയാണെങ്കില്‍ അത് നടക്കുന്നത് ഈരീതിയിലാണ്. അതിനാല്‍ കേരളത്തിലെ യു.പി. സ്‌കൂളുകള്‍ക്ക് ഏറ്റുകുടുക്ക മാതൃകയാണ്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ 'മാതൃഭൂമി സീഡി'ന്റെ പ്രവര്‍ത്തനം മാതൃകാപരമാണ് -മന്ത്രി പറഞ്ഞു.
സ്‌കൂളില്‍ എട്ടുവര്‍ഷം മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വിളയിച്ച പച്ചക്കറികള്‍ വിറ്റുകിട്ടിയ പണത്തിനും സമ്മാനത്തുകയ്ക്കുമൊപ്പം സുമനസ്സുകളുടെ സഹായവും പ്രയോജനപ്പെടുത്തിയാണ് അക്ഷരത്തണല്‍ ഹാള്‍ നിര്‍മിച്ചത്. സ്‌കൂളിലെ അധ്യാപകനും സീഡ് കോ ഓര്‍ഡിനേറ്ററുമായ കെ.രവീന്ദ്രനാണ് നേതൃത്വംനല്‍കിയത്. 200 പേര്‍ക്കിരിക്കാവുന്ന ഹാളില്‍ മൂന്ന് ക്ലാസ് മുറികള്‍ സജ്ജീകരിക്കാന്‍ കഴിയും.
അക്ഷരത്തണലിന്റെ വരാന്തയില്‍ തൂക്കിയ വാഴക്കുലയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഴങ്ങള്‍ നല്‍കിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. സ്‌കൂളില്‍ വിളയിച്ച പച്ചക്കറികള്‍ നല്‍കി മന്ത്രിയെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. 
അക്ഷരത്തണലിനായി പ്രവര്‍ത്തിച്ചവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.  ടി.വി.രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ അധ്യാപകന്‍ ഗിരീഷ് തിരുമേനി വരച്ച ചിത്രങ്ങള്‍ മന്ത്രിക്കും എം.എല്‍.എ.ക്കും സമ്മാനിച്ചു.
സ്‌കൂള്‍ സീഡ് കണ്‍വീനര്‍ കെ.ഹൃദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീന്‍, കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഉഷ, കരിവെള്ളൂര്‍-പെരളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  എം.രാഘവന്‍, ശിശുക്ഷേമസമിതി ദേശീയ എക്സിക്യുട്ടീവ് അംഗം സി.സത്യപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.അനീഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ഭാസ്‌കരന്‍, പഞ്ചായത്ത് അംഗം എം.രാജന്‍ പണിക്കര്‍, പയ്യന്നൂര്‍ ബി.പി.ഒ. പി.വി.സുരേന്ദ്രന്‍, മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി., ഏറ്റുകുടുക്ക എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, സ്‌കൂള്‍ മാനേജര്‍ സി.രവീന്ദ്രന്‍, സീഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, പി.ടി.എ. പ്രസിഡന്റ് എ.സുകുമാരന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് എം.വി.ഷൈമ, പ്രഥമാധ്യാപിക പി.യശോദ, സംഘാടകസമിതി ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

January 25
12:53 2020

Write a Comment

Related News