SEED News

സനയും ലക്ഷ്മിയും പാഠമായി ; നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ കൈത്താങ്ങായി ആടുകളെ നല്‍കി



സനയും ലക്ഷ്മിയും പാഠമായി ;  നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിന്‍റെ കൈത്താങ്ങായി ആടുകളെ നല്‍കി  

അഞ്ച് ആടുകളെ സൗജന്യമായി നല്‍കി പി.ടി.എ യുടെ അതിജീവനം  പദ്ധതിയ്ക്ക് തുടക്കം 



ആളൂര്‍: പ്രളയദുരിതത്തില്‍ നിന്ന്‍ അതിജീവിയ്ക്കാന്‍ സഹപാഠിയായ ലക്ഷ്മിയ്ക്ക് ഏഴാംക്ലാസ്സുകാരി സന സ്വന്തം ആടിനെ നല്‍കിയ നമയുടെ  കഥ മാതൃകയാക്കി സ്കൂള്‍ അധികൃതര്‍. മറ്റു നിര്‍ധവിദ്യാര്‍ഥികളുടെ കുടുംബത്തിനും ദുരിത ജീവിതത്തില്‍ നിന്ന്‍ കരകയറാന്‍ ആടുകളെ സൗജന്യമായി നല്‍കിയാണ് സ്കൂള്‍ പി.ടി.എ അതിജീവനം എന്ന  പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പി.ടി.എയും മാതൃഭൂമി സീഡ് യൂണിറ്റും ചേര്‍ന്നാണ് പദ്ധതി ആവിഷ്കരിച്ചത്. സീഡ് യൂണിറ്റ് അംഗങ്ങളായ  അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ്  ആദ്യഘട്ടത്തില്‍ ഓരോ ആടുകളെ വീതം നല്‍കിയത്. ഓരോ വിദ്യാര്‍ഥിയും  ആടിന്‍റെ   ആദ്യപ്രസവത്തില്‍ ഉണ്ടാകുന്ന കുട്ടികളില്‍ ഒന്നിനെ സ്കൂളിന് തിരികെ നല്‍കണം. ആ കുട്ടികളെ അടുത്തഘട്ടത്തില്‍ മറ്റ് അഞ്ച് വീതം വിദ്യാര്‍ഥികള്‍ക്ക് നല്‍കും.ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി  നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആട് പരിപാലനത്തിലൂടെ ഉപജീവനത്തിന്  കൈതാങ്ങാവുന്ന പദ്ധതിയാണ് സ്കൂള്‍ പി.ടി.എ. യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ ടി.ജെ.ലെയ്സന്‍ പറഞ്ഞു. അയ്യായിരത്തിലധികം വിലയുള്ള ജമ്നാപ്യാരി ഇനത്തിലുള്ള ആടുകളെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഇവയുടെ പരിചരണത്തിനായി ഒരു മാസത്തേയ്ക്കുള്ള തീറ്റയും സൗജന്യമായി നല്‍കി. ആടുകളുടെ പരിപാലനം പരിചയപ്പെടുത്തുന്നതിനായി ആളൂര്‍ മൃഗാശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ക്ലാസ്സും ആവശ്യമായ  മരുന്നും  നടത്തി. ആടിന്‍റെ സുരക്ഷയ്ക്കായി  ഇന്‍ഷുറന്‍സ് ഉള്‍പ്പടെ ഏര്‍പ്പെടുത്തുമെന്ന് സീഡ് കോര്‍ഡിനേറ്റര്‍  ജാക്സന്‍ സി.വാഴപ്പിള്ളി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ്‌ ഉണ്ണിയാടന്‍ വിദ്യാര്‍ഥികള്‍ക്ക് ആടുകളെ കൈമാറി.   പി.ടി.എ.പ്രസിഡന്‍റ് ഡെന്നീസ് കണ്ണംകുന്നി അധ്യക്ഷനായി. ആളൂര്‍ പഞ്ചായത്തംഗം മിനി ജോണ്‍സന്‍, ഷാജു ജോസഫ്, സാബു വാലപ്പന്‍, മാതൃഭൂമി സീഡ് ജില്ലാ എക്സിക്യൂട്ടീവ് ഷെഫീക്ക് യൂസഫ്‌ , ക്ലബ് എഫ്.എം പ്രോഗ്രാം ഹെഡ് മനോജ്‌ കമ്മത്ത്, കെ.എം.നാസര്‍, എന്നിവര്‍ പ്രസംഗിച്ചു.


February 18
12:53 2020

Write a Comment

Related News