environmental News

ഏഴ് ദേശാടനജീവികൾ കൂടി സംരക്ഷണപ്പട്ടികയിലേക്ക്

ദേശാടനംനടത്തുന്ന ഏഴ് ജീവികളെക്കൂടി സംരക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്താൻ കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് ആനിമൽ (സി.എം.എസ്.) സമ്മേളനത്തിൽ തീരുമാനം.

ഏഷ്യൻ ആന, ജാഗ്വാർ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ബംഗാൾ ഫ്ളോറിക്കൻ, ലിറ്റിൽ ബസ്റ്റാർഡ്, ആന്റിപോഡിയൻ ആൽബട്രോസ്, ഓഷ്യാനിക് വൈറ്റ് ടിപ് ഷാർക് എന്നിവയെയാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽനടന്ന സമ്മേളനത്തിൽ അതീവശ്രദ്ധ വേണ്ട ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവയിൽ പലതും നേരത്തേതന്നെ ഐ.യു.സി. എന്നിന്റെ ചുവപ്പുപട്ടികയിൽ ഉൾപ്പെട്ടവയാണ്.

17 മുതൽ 22 വരെ നടന്ന സമ്മേളനത്തിൽ 131 രാഷ്ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽനിന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടനകളിൽനിന്നുമായി 263 പ്രതിനിധികൾ പങ്കെടുത്തു. യോഗം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനംചെയ്തത്. കാലിക്കറ്റ് സർവകലാശാലയുടെ അന്താരാഷ്ട്ര പക്ഷിഗവേഷണകേന്ദ്രത്തെ പ്രതിനിധീകരിച്ച് ഡോ. സുബൈർ മേടമ്മലും പങ്കെടുത്തു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന യു.എൻ. ജൈവ വൈവിധ്യ സമ്മേളനത്തിന് മുന്നോടിയായാണ് സി.എം.എസ്. യോഗം.

അടുത്ത ഒരു ദശകത്തിലേക്ക് ജൈവ വൈവിധ്യ സംരക്ഷണത്തിനുവേണ്ട അന്താരാഷ്ട്രചട്ടങ്ങൾ തയ്യാറാക്കുന്നത് ഈ സമ്മേളനത്തിലാണ്. ദേശാന്തരഗമനം നടത്തുന്ന മൃഗങ്ങൾ, പക്ഷികൾ, സമുദ്രജീവികൾ എന്നിവയുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായി സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് വിലയിരുത്തി.ദേശാടനജീവികളുടെ സംരക്ഷണത്തിനായി വന്യജീവി സൗഹൃദമായുള്ള പുനരുപയോഗ ഊർജത്തിന്റെ പ്രോത്സാഹനം, ദേശാടനപ്പക്ഷികളെ കൊല്ലുന്നതും വിൽക്കുന്നതും തടയുക, റോഡ്, റെയിൽ നിർമാണം കുറയ്ക്കുക, സമുദ്ര സസ്തനികളെ ഭക്ഷണമാക്കുന്നത്‌ തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

വന്യജീവി സംരക്ഷകനായ മലേഷ്യക്കാരൻ ഇയാൻ മൈക്കൽ റെഡ്‌മോണ്ട് (കരയിലെ മൃഗങ്ങൾ), ആസ്‌ട്രേലിയൻ വംശജയായ ദേശാടനപ്പക്ഷി സംരക്ഷണ പ്രചാരക സാഷ ഡെഞ്ച് (ദേശാടനപ്പക്ഷികൾ), ബോളിവുഡ് താരം രൺദീപ് ഹൂഡ (സമുദ്രജീവികൾ) എന്നിവരെയാണ് ദേശാടനജീവി സംരക്ഷണ പ്രചാരണത്തിന്റെ അംബാസഡർമാരായി നിയോഗിച്ചിരിക്കുന്നത്.

February 28
12:53 2020

Write a Comment