environmental News

കടല്‍ തീരത്ത് കുട്ടികളുടെ " ടര്‍ട്ടില്‍ വോക്ക്"

കൊല്ലം: അഴീക്കല്‍ കടല്‍ത്തീരത്ത് വിദ്യാര്‍ഥികള്‍ 'ടര്‍ട്ടില്‍ വോക്ക് ' നടത്തി. തീരത്ത് മുട്ടയിടാനെത്തുന്ന കടലാമയെയും മുട്ടകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അഴീക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ കടലോരത്ത് നടക്കാനിറങ്ങിയത്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടലാമകളെ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് നടപ്പാക്കുന്ന കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍ പദ്ധതിയുടെ ഭാഗമായാണ് ടര്‍ട്ടില്‍ വോക്ക് സംഘടിപ്പിച്ചത്. നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പിന്‍തുണയുമുണ്ട്. കടലാമകള്‍ തീരത്തുകയറിവന്ന്‍ മണലില്‍ കുഴികുത്തി മുട്ടയിട്ട് മണലിട്ടുമൂടി തിരിച്ചുപോകും. ഈ മുട്ടകള്‍ സംരക്ഷിച്ച് വിരിയിച്ച് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിടാനുള്ള പദ്ധതിയാണ് കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍.

 അഴീക്കല്‍ കടല്‍ത്തീരത്ത് മുമ്പ് ആമകള്‍ മുട്ടയിടാനെത്താറുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. കടല്‍ഭിത്തി വന്നതോടെയാണ് അത് നിലച്ചത്. കഴുകന്‍തുരുത്ത് മുതല്‍ പുലിമുട്ടുവരെ ഭിത്തിയില്ലാത്ത പ്രദേശത്താണ് കടലാമകള്‍ വരാന്‍ ഇപ്പോള്‍ സാധ്യതയുള്ളത്. വൃശ്ചികത്തിലെ നല്ല നിലാവുള്ള രാത്രികളില്‍ ആമകള്‍ കരയിലെത്തുമെന്നാണ് തീരവാസികളുടെ അറിവ്. അതിനാലാണ് വ്യാഴാഴ്ച രാത്രി വിദ്യാര്‍ത്ഥികള്‍ തീരപ്രദേശം നിരീക്ഷണവിധേയമാക്കിയത്. 

 മാതൃഭൂമി സീഡ് പ്രതിനിധികളായ ഇ.കെ.പ്രകാശ്, കെ.വൈ.ഷഫീക്ക്, എസ്.സുരേഷ്, ചന്ദ്രന്‍ കെ.കെ. എന്നിവര്‍ നേതൃത്വം നല്‍കി.  ഇതിന് മുന്നോടിയായി ബുധനാഴ്ച അഴീക്കല്‍ കടല്‍ത്തീരത്ത് വിളംബരജാഥ നടത്തിയിരുന്നു. കടലാമകളെക്കുറിച്ച് അവബോധം വളര്‍ത്താനും ടര്‍ട്ടില്‍ വോക്കിന്‍റെ പ്രചാരണത്തിനും വേണ്ടിയാണ് വിളംബരജാഥ സംഘടിപ്പിച്ചത്. അധ്യാപകരായ സുജിത്കുമാര്‍ കെ.എസ്., എച്ച്.ഹാഷിമ, എന്‍.അതീത, എന്‍.സി.രേഖാദേവി, എസ്.ദയാനന്ദന്‍, പി.ടി.എ.പ്രസിഡന്‍റ് എസ്.സജീവന്‍ എന്നിവരും 35 സീഡ് ക്ലബ് അംഗങ്ങളും പങ്കെടുത്തു.  
( ചിത്രം ) ടര്‍ട്ടില്‍‍ വോക്കിനോടനുബന്ധിച്ച് അഴീക്കല്‍ കടല്‍ത്തീരത്ത് നടന്ന വിളംബരജാഥയില്‍ പങ്കെടുത്ത സീഡ് ക്ലബ് അംഗങ്ങള്‍ അധ്യാപകരോടൊപ്പം

November 28
12:53 2015

Write a Comment