SEED News

Reading day Interaction with Sri.Gopinath Muthukad

മുന്നിലിരിക്കുന്ന 28 കുട്ടികൾക്കു മുന്നിൽ ഇത്തവണ മുതുകാട് മാന്ത്രികവടി പുറത്തെടുത്തില്ല. പകരം മാജിക് അങ്കിൾ പറഞ്ഞത് അക്ഷരങ്ങളുടെ മാജിക്കിനെക്കുറിച്ചായിരുന്നു. വാക്കുകൾ വഴിനടത്തുന്ന വിസ്മയകഥകളായിരുന്നു. അതിൽ കറുത്തവർഗക്കാരനായ ഒല്ലി നീലും ‘ദൈവത്തിന്റെ വികൃതികളി’ലെ അൽഫോൺസച്ചനും ചാർലി ചാപ്ലിനും നിറഞ്ഞു. വായനദിനത്തിൽ മാതൃഭൂമി സീഡാണ് മുതുകാടും കുട്ടികളുമായുള്ള ഓൺലൈൻ മുഖാമുഖം നടത്തിയത്.

‘കറുത്തവർഗക്കാരനായിരുന്നു ഒല്ലി നീൽ. സ്‌കൂളിലെ അധ്യാപകരെവരെ ചീത്ത പറയുന്ന, ഇംഗ്ലീഷ് അധ്യാപിക മിൽഡ്രെഡ് ഗ്രാഡിയെ കരയിച്ച കുട്ടി. ഒരുദിവസം കറങ്ങിനടക്കുന്നതിനിടെ ഒല്ലി നീൽ ലൈബ്രറിയിലെത്തി, ഗ്രാഡിയുണ്ടാക്കിയതായിരുന്നു അത്. സിഗരറ്റ് വലിച്ച്, അലസമായിരിക്കുന്ന പെൺകുട്ടിയുടെ ചട്ടയുള്ള പുസ്തകത്തിൽ നീലിന്റെ കണ്ണുടക്കി. പുസ്തകമെടുത്ത് കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ച് കൊണ്ടുപോയി’’.

‘‘ഫ്രാങ്ക് യെർബിയുടെ അക്ഷരങ്ങൾ നീലിനെ ആകെയുലച്ചു. പുസ്തകം ലൈബ്രറിയിൽ തിരിച്ചെത്തിച്ചപ്പോൾ അവിടെ യെർബിയുടെ മറ്റൊരു പുസ്തകം. അതും വായിച്ചു. അങ്ങനെ ആ കുട്ടി വായിച്ചുവളർന്നു, അഭിഭാഷകനായി. അർക്കൻസാസിലെ പ്രോസിക്യൂഷൻ അറ്റോർണിയും ജഡ്ജിയുമായി.’’

‘‘പക്ഷേ, തന്നെ വായനയിലേക്കു നയിച്ചത് അധ്യാപിക ഗ്രാഡിയാണെന്നു നീൽ അറിഞ്ഞത് വൈകിയാണ്. മറ്റൊന്നുകൂടി നീൽ അറിഞ്ഞു, പുസ്തകം മോഷ്ടിക്കുന്നതു കണ്ട അധ്യാപിക തനിക്കായി മൈലുകൾ താണ്ടി പിന്നെയുംപിന്നെയും പുസ്തകം എത്തിച്ചുവെന്ന്. തെമ്മാടിയെന്നു മുദ്രകുത്തിയ കുട്ടിയെ നല്ലവനാക്കിയത് ആ അധ്യാപികയും പുസ്തകവുമായിരുന്നു’’- മുതുകാടിന്റെ ഈ വാക്കുകൾ മതിയായിരുന്നു കുഞ്ഞുമനസ്സിന് വെളിച്ചമറിയാൻ.

മനുഷ്യരെയും മുയലിനെയും അപ്രത്യക്ഷനാക്കുന്ന അങ്കിളിന് കൊറോണയെ ഇല്ലാതാക്കിക്കൂടേ എന്നായിരുന്നു വയനാട്ടിലെ ആഹിൽ ഷയാന്റെ നിഷ്‌കളങ്കമായ ചോദ്യം. മാജിക് സിനിമയോ വരയോ പോലൊരു കല മാത്രമാണെന്നും ആരെയും ഇല്ലാതാക്കാനാവില്ലെന്നും മുതുകാട് പറഞ്ഞു. ‘‘ഒാരോ വിത്തിനുള്ളിലും മരം ഒളിഞ്ഞിരിപ്പുണ്ട്. വിത്ത് പൊട്ടിച്ചാൽ മരം കാണില്ല. അത് മണ്ണോടു ചേർന്നാൽ മാത്രമേ മരമാകൂ. കുട്ടികളും ഓരോ വിത്താണ്, മരമാണ്. അതിനായി ‘സീഡ്’ വഴികാട്ടുകയാണ്’’ എന്നു പറഞ്ഞപ്പോൾ കുട്ടികൾ കൈയടിയോടെ അത് സ്വീകരിച്ചു.

ഫെഡറൽ ബാങ്ക് സി.എസ്.ആർ. വിഭാഗം അസി. വൈസ് പ്രസിഡന്റ് സുനിൽ കുമാർ മേനോൻ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ, സീനിയർ സബ് എഡിറ്റർ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ സംസാരിച്ചു. ക്ലബ്ബ് എഫ്.എം. ആർ.ജെ. അതുല മുസ്തഫ മോഡറേറ്ററായി.

പുസ്തകം നൽകും

പുസ്തകം വാങ്ങാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് എത്രകാലത്തേക്കു വേണമെങ്കിലും അവ വാങ്ങിനൽകാമെന്ന് മുതുകാട് പറഞ്ഞു. അവർ വായിക്കുന്നുണ്ടെന്ന് കൃത്യമായി അറിഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

June 20
12:53 2020

Write a Comment

Related News