SEED News

മഴക്കുഴി നിര്‍മ്മിച്ചും മഴവെള്ളം ശേഖരിച്ചും കുടിച്ചും സീഡ് പോലീസിന്റെ മഴ മഹോത്സവം



തൃത്തല്ലൂര്‍: തൃത്തല്ലൂര്‍ യു.പി. സ്‌കൂളിലെ സീഡ് പോലീസ് മഴ മഹോത്സവം നടത്തി. കുട്ടികള്‍ സ്വന്തം വീടുകളില്‍ മഴക്കുഴി കുത്തി വെള്ളം ഭൂമിയിലേക്ക് ഇറക്കിയും തുണികൊണ്ട് മഴപ്പന്തലുണ്ടാക്കി  മഴക്കൊയ്ത്ത് നടത്തി ശുദ്ധമായ മഴവെള്ളം  ശേഖരിച്ച്  കുടിക്കുകയും മഴയുടെ തോത് അളക്കലും നടത്തി. പഴമക്കാര്‍ പണ്ട് കുടിവെള്ളത്തിനായി ആശ്രയിയിച്ചിരുന്ന കുളവും കിണറുകളും വെള്ളമുണ്ടങ്കിലും മലിനമായി മാറിക്കൊണ്ടിരിക്കുന്നു. പോരാത്തത്തിന് ഇടയ്ക്കിടെയുള്ള പ്രളയവും വെള്ളപ്പൊക്കവും ഭൂരിപക്ഷം പ്രദേശങ്ങളിലെയും വെള്ളത്തെ മലിനമാക്കി. ഇതാണ് വാടാനപ്പള്ളി പ്രദേശത്തെ പൊതുവായ കുടിവെള്ള പ്രശ്‌നം. പൊതു പൈപ്പിനെ ആശ്രയിക്കുമ്പോഴും കൃത്യമായി വെള്ളം കിട്ടാത്തതും വെള്ളത്തിലെ ക്ലോറിന്റെ അളവ് വ്യത്യാസവും ആളുകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
  ഇതിന് പ്രധിവിധി കണ്ടെത്താന്‍ തൃത്തല്ലൂര്‍ യു.പി. സ്‌കൂള്‍ കുട്ടികളുടെ പരിസ്ഥിതി കൂട്ടായ്മയായ സീഡ് പോലീസ് വെബിനാര്‍ നടത്തി. ഔഷധി ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എസ്. രജിതന്‍ ഉദ്ഘാടനം ചെയ്തു. കുടിക്കാന്‍ ഏറ്റവും ശുദ്ധമായത് മഴവെള്ളം ആണെന്നും പ്രകൃതിയില്‍ നിന്നും ഒരു ചെലവുമില്ലാതെ കിട്ടുന്ന ശുദ്ധജലത്തെ കുടിവെള്ളത്തിനായി സംഭരിച്ച് വെക്കാമെന്നും  ആയുര്‍വേദത്തില പല പ്രധാന ഔഷധ നിര്‍മ്മാണത്തിനും മഴവെള്ളമാണ് ഉപയോഗിക്കേണ്ടതെന്നും 
അദ്ദേഹം പറഞ്ഞു. ജനസാന്ദ്രതയിലെ ക്രമാതീതമായ വര്‍ദ്ധനവ് വെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ അളവ് കൂട്ടിയെന്നും ഡോക്ടര്‍ പറഞ്ഞു. ആദ്യ മഴയില്‍ പൊടിപാടലങ്ങള്‍ ഉണ്ടാവും. തുടര്‍ന്നുള്ള വെള്ളമാണ് ശേഖരിക്കേണ്ടത്. ഭൂമിയില്‍ എത്തുന്നതിനുമുമ്പ് വൃത്തിയുള്ള, വായവട്ടം കൂടുതലുള്ള പാത്രത്തില്‍ തുണികെട്ടി വെച്ച് ശേഖരിക്കണം. തിളപ്പിച്ച് കുടിക്കുന്നതാണ് നല്ലത്- അദ്ദേഹം പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് എ.എ. ജാഫര്‍ അധ്യക്ഷനായി. കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ദീപന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രധാന അധ്യാപിക സി.പി.  ഷീജ, പി.വി. ശ്രീജമൗസമി, കെ.ജി. റാണി എന്നിവര്‍ പ്രസംഗിച്ചു. വെബിനാറില്‍ പങ്കെടുത്ത എല്ലാവരും മഴവെള്ളം കുടിച്ചു

September 21
12:53 2020

Write a Comment