പാരിസ്ഥിതിക കാർബൺ പാദമുദ്ര കുറയ്ക്കാൻ ബോധവൽക്കരണവുമായി ആരൂർ ഗവ. എൽ. പി. എസിലെ സീഡ് ക്ലബ്ബ്
ആരൂർ: ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി കാർബൺ പാദമുദ്ര കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ച് ഗവ. എൽ. പി. എസ്. ആരൂരിലെ സീഡ് അംഗങ്ങൾ."കാർബൺ കുറയ്ക്കാം ഓസോണിനെ കാക്കാം" എന്ന ബാനറിൽ സംഘടിപ്പിച്ച പരിപാടിയോട് അനുബന്ധിച്ചാണ് പാരിസ്ഥിതിക കാർബൺ പാദമുദ്ര (Ecological carbon footprint ) കുട്ടികൾ പരിചയപ്പെടുത്തിയത് മനുഷ്യരുടെ ജീവിത ശൈലികൾ ഓസോണിൻ്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുമ്പോൾ നമ്മുടെ ഒരോ ചെറിയ ചുവടുവയ്പ്പുകൾക്കും വലിയ പ്രതിഫലനങ്ങൾ സൃഷ്‌ടിക്കാനാവുമെന്ന് ഹെഡ്മാസ്റ്റർ ഷഹിൻ. പി. എം പറഞ്ഞു . വ്യക്തിഗത കാർബൺ മുദ്രയുടെ അളവ് കുറയ്ക്കാൻ വിവിധ നിർദേശങ്ങൾ രേഖപ്പെടുത്തിയ പോസ്റ്ററുകളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു . മരങ്ങൾ നട്ട് വളർത്തുക, സാധ്യമാകുന്നിടങ്ങളിൽ സൈക്കിൾ ഉപയോഗിക്കുക, പൊതുഗതാഗതം പ്രയോജനപ്പെടുത്തുക, ഭക്ഷണം പാഴാക്കാതിരിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ഊർജം അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ് പാഴാക്കാതിരിക്കുക, സൗരോർജം പരമാവധി പ്രയോജനപ്പെടുത്തുക തുടങ്ങിയ അനവധി നിർദേശങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവച്ചത് . പേപ്പർ ഉപയോഗം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പറിന്റെ ഇരുവശവും ഉപയോഗിക്കുക, എഴുതാത്ത പുറംഭാഗം വീണ്ടും എഴുത്തിനായി ഉപയോഗിക്കുക, ആവശ്യത്തിനനുസരിച്ചുള്ള ചെറിയ കടലാസ് കഷണങ്ങൾ മാത്രം ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തി പുനരുപയോഗിക്കാവുന്ന ഊർജസ്രോതസ്സുകൾ പരമാവധി പ്രയോജനപ്പെടുത്തുക, യാത്രകൾ ആസൂത്രണം ചെയ്ത് അനാവശ്യ യാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപയോഗം കുറയ്ക്കുക, വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുക തുടങ്ങിയ നിർദേശങ്ങളും കുട്ടികൾ സമർപ്പിച്ചു .ഓസോൺ പാളിയുടെ സംരക്ഷണവും കാലാവസ്ഥാ സംരക്ഷണവും ദൈനംദിന ജീവിതത്തിലെ ചെറിയ ശീലങ്ങളുമായി ബന്ധിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .നമ്മുടെ ഓരോ ചെറിയ മാറ്റവും കാർബൺ പാദമുദ്ര കുറയ്ക്കാനുള്ള വലിയ ചുവടുവയ്പാണ് എന്ന സന്ദേശവും വിദ്യാർഥികൾ പങ്കുവച്ചുപി. ടി എ പ്രസിഡന്റ് ശാലു ജി, സീനിയർ അസിസ്റ്റന്റ് മിനി വി ആർ, അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു.
