SEED News

കേരളീയതയുടെ സംരക്ഷണം: 'മാതൃഭൂമി'യുടെ പ്രവര്‍ത്തനം അഭിമാനകരം -മുഖ്യമന്ത്രി

പിണറായി: കേരളത്തിന്റെ ഭാഷയും സംസ്‌കാരവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ മാതൃഭൂമി നടത്തുന്ന അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം അഭിമാനത്തോടെയേ ആര്‍ക്കും കാണാനാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകപരിസ്ഥിതിദിനത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും മാതൃഭൂമി സീഡിന്റെ ഒമ്പതാം വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട മാതൃഭൂമി പരിസ്ഥിതിസംരക്ഷണത്തിനായി സാംസ്‌കാരികാവബോധം സൃഷ്ടിക്കുന്നത് ശ്ലാഘനീയമാണ്. പുതിയതലമുറയില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്താന്‍ സീഡ് നടത്തുന്ന പ്രവര്‍ത്തനം വലിയൊരളവോളം വിജയിച്ചുവെന്നത് സന്തോഷകരമാണ്. പദ്ധതിക്ക് സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും അന്താരാഷ്ട്രതലത്തിലുള്ള വാന്‍ ഇഫ്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ടെന്നത് അഭിനന്ദനാര്‍ഹമാണ്. ആ സന്തോഷം ഞാന്‍ ഹൃദയപൂര്‍വം പങ്കിടുന്നു. 

ആറായിരത്തില്‍പ്പരം സ്‌കൂളുകളിലായി 20 ലക്ഷത്തില്‍പ്പരം കുട്ടികളെ ഉള്‍പ്പെടുത്തി മുന്നോട്ടുപോകുന്ന സീഡ് നമ്മുടെ നാടിന്റെ പച്ചപ്പ് സംരക്ഷിക്കാന്‍ ഒരു പത്രസ്ഥാപനം നടത്തുന്ന വലിയ പ്രസ്ഥാനമാണ്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങള്‍ മനുഷ്യന്റെ ഭാവിക്ക് ഭീഷണിയുയര്‍ത്തുന്നു. ഈ ഭീഷണിയെ അതിജീവിക്കാനും ജലത്തിന്റെയും പ്രകൃതിയുടെയും ശുദ്ധി കാത്തുസൂക്ഷിക്കാനും ഭാവനാപൂര്‍ണമായ ശ്രമമുണ്ടാകണം. ഹരിതകേരളം മിഷന്‍ നടത്തുന്ന പരിശ്രമങ്ങളും സീഡ് വിദ്യാര്‍ഥികള്‍ വഴി നടത്തുന്ന പരിശ്രമങ്ങളും ഈ സംരംഭം വന്‍വിജയമാക്കാന്‍ സഹായിക്കും. 

മാതൃഭൂമി സീഡിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പരിസ്ഥിതിദിനാഘോഷത്തിന്റെ ഉദ്ഘാടനവുമായി സംയോജിപ്പിച്ചതും അതിന് പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുത്തതും അഭിമാനാര്‍ഹമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് വി.സി. സന്തോഷ്‌കുമാര്‍, ഉത്തരമേഖലാ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

June 06
12:53 2017

Write a Comment

Related News