SEED News

ഇതാ ഒരു ‘പ്ലാസ്റ്റിക് ഭീകരൻ’

ശ്രീകൃഷ്ണപുരം: ദാഹിച്ചുവലഞ്ഞ് കുഴൽക്കിണറിലേക്ക് കൈനീട്ടുന്ന പ്ലാസ്റ്റിക് ഭീകരൻ കുട്ടികൾക്കും നാട്ടുകാർക്കും നൽകിയ  സന്ദേശം മാലിന്യസംസ്കരണത്തെക്കുറിച്ചാണ്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യത്തിൽനിന്നാണ് പ്രകൃതിനേരിടുന്ന ഭീഷണിയെ ഓർമിപ്പിക്കുന്ന ശില്പം പിറന്നത്.
ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ശില്പം ഒരുക്കിയത്.
കുപ്പികൾ, ബക്കറ്റുകൾ, ചവറുകോരികൾ തുടങ്ങി ഉപേക്ഷിച്ച മാലിന്യംകൊണ്ടാണ് പത്തടിയിലധികം ഉയരത്തിൽ ശില്പം തീർത്തത്. കുട്ടികൾ ശേഖരിച്ചുകൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ച് മൂന്നുദിവസംകൊണ്ടാണ് ശില്പം പൂർത്തിയാക്കിയത്. ഇതിനായി ആദ്യം മുളകൊണ്ട് ചട്ടക്കൂടുണ്ടാക്കി. ചിത്രകലാധ്യാപകൻ ടി.കെ. വിപിൻനാഥിന്റെ നേതൃത്വത്തിലാണ് ശില്പം നിർമിച്ചത്. സ്കൂളിലെ എൻ.എസ്.എസ്., സീഡ് ക്ലബ്, ഇക്കോ ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
വിദ്യാർഥികൾക്കായി കൊളാഷ് മത്സരവും നടത്തി. വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 
സ്കൂൾ മാനേജർ ശങ്കരൻ നമ്പൂതിരിപ്പാട് പരിസ്ഥിതിദിനസന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് വി.സി. ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ എം.എസ്.എൻ. സുധാകരൻ, പ്രധാനാധ്യാപകൻ ഭവദാസൻ, സി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു.

June 24
12:53 2017

Write a Comment

Related News