environmental News

നീലഗിരി വനത്തില്‍ വെള്ളക്കടുവ

നീലഗിരി വനമേഖലയില്‍ അത്യപൂര്‍വ്വ വെള്ളക്കടുവയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും ബെംഗളൂരു സ്വദേശിയുമായ നിലഞ്ജന്‍ റേ പകര്‍ത്തിയ വെള്ളക്കടുവയുടെ ചിത്രം, വനംവകുപ്പ് അധികൃതര്‍ക്കും കടുവാഗവേഷകര്‍ക്കും കൈമാറിയിരിക്കുകയാണ്.

വേട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ഭീഷണി മുന്നില്‍ക്കണ്ട് കടുവയെ കണ്ട പ്രദേശത്തിന്റെ കൃത്യമായ വിവരം പുറത്തുവിട്ടില്ല. ഗൈഡിനൊപ്പമുള്ള ജീപ്പ് സഫാരിക്ക് ഇടയിലാണ് വെള്ളക്കടുവ കാഴ്ചയില്‍ പെട്ടത്.

വെളുത്ത നിറത്തില്‍ തവിട്ടുപുള്ളികളുള്ള കടുവയാണിതെന്ന് നിലഞ്ജന്‍ പറഞ്ഞു. ചിത്രം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കടുവാ ഗവേഷകര്‍ പരിശോധിച്ചുവരികയാണ്.

ചിത്രത്തിലെ കടുവ ജനിതക പരിവര്‍ത്തനത്തിലൂടെ നിറംമാറിയതാകാമെന്ന് പ്രമുഖ ജന്തുശാസ്ത്രജ്ഞന്‍ പര്‍വേഷ് പാണ്ഡ്യ അഭിപ്രായപ്പെട്ടു.

1980-ല്‍ രാജസ്ഥാനിലെ രണ്‍ഥംഭോര്‍ വനത്തിലാണ് അവസാനമായി വെള്ളക്കടുവയെ കണ്ടെത്തിയ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്.

വെള്ളക്കടുവ

ബംഗാള്‍ കടുവയുടെ ഒരു ജനിതക വ്യതിയാന വകഭേദമാണ് വെള്ളക്കടുവ. അസം, ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലാണ് ഇവയെ കണ്ടിട്ടുള്ളത്. ബംഗാള്‍ കടുവകള്‍ തമ്മില്‍ ഇണചേരുമ്പോള്‍ ഒരു വെള്ളക്കടുവ ഉണ്ടാവാന്‍ 15,000-ത്തില്‍ ഒരു സാധ്യതയാണുള്ളതെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

July 08
12:53 2017

Write a Comment