environmental News

കൂട്ടവംശനാശം 6.0

മൂല്യമായ ഒരു നിധി നഷ്ടപ്പെട്ട തോന്നലാണ് 'സുവര്‍ണ തവള'യെക്കുറിച്ച് അറിയുമ്പോള്‍ മിക്കവര്‍ക്കും ഉണ്ടാവുക. ആഗോളതാപനം മൂലം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ആദ്യജീവിയെന്ന് ശാസ്ത്രലോകം വിധിയെഴുതിയ അതിനെക്കുറിച്ച് കുറ്റബോധത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. കോസ്റ്റാറിക്കയിലെ കോടക്കാടുകളില്‍ കഴിഞ്ഞിരുന്ന സുവര്‍ണ തവളയെ 1989 മെയ് 15ന് ശേഷം ആരും കണ്ടിട്ടില്ല. ആ ജീവി നേരിട്ട ദുര്‍വിധിയെപ്പറ്റി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ടിം ഫ്‌ളാനെറി ഇങ്ങനെ അഭിപ്രായപ്പെട്ടു: 'നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ് നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച് ഇടിച്ച് നിരത്തിയാലെന്നപോല!'

കഴിഞ്ഞയാഴ്ച പുറത്തുവന്ന ഒരു പഠനഫലം വായിക്കുമ്പോള്‍ സുവര്‍ണ തവള ( golden toad ) മനസിലെത്തും, അതുപോലെ മറ്റ് അനേകം ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഉന്‍മൂലന ഭീഷണിയും. സുവര്‍ണ തവളയെപ്പോലെ ചെറിയൊരു പ്രദേശത്ത് മാത്രമുള്ള അപൂര്‍വ്വ ജീവികള്‍ മാത്രമല്ല, നമ്മുക്ക് ചുറ്റുമുള്ള സാധാരണ ജീവിവര്‍ഗങ്ങളും വലിയ തോതില്‍ ഉന്‍മൂലന ഭീഷണി നേരിടുന്നു എന്നാണ്, മെക്‌സിക്കന്‍ ഗവേഷകനായ ജെരാര്‍ദോ സെബാലോസിന്റെ നേതൃത്വത്തില്‍ നടന്ന പഠനം മുന്നറിയിപ്പ് നല്‍കുന്നത്.  

ഭൂമുഖത്തെ ജീവിവര്‍ഗ്ഗങ്ങള്‍ 'ജൈവഉന്‍മൂലന'ത്തിന്റെ പിടിയിലാണെന്ന് പഠനം പറയുന്നു. അതുവഴി, കരുതിയതിലും വേഗത്തില്‍ 'ആറാമത്തെ കൂട്ടവംശനാശം' ( sixth mass extinction ) അരങ്ങേറുകയാണ്. ഭൂമിയില്‍ ഇതിനു മുമ്പ് അഞ്ച് പ്രാവശ്യം കൂട്ടവംശനാശം സംഭവിച്ചു എന്നാണ് കണക്കാക്കിയിട്ടുള്ളത്. അവയ്‌ക്കൊന്നുമില്ലാത്ത ഒരു സവിശേഷത ഇപ്പോഴത്തെ കൂട്ടവംശനാശത്തിനുണ്ട്. ഇതുവരെ ഉണ്ടായവയ്‌ക്കെല്ലാം കാരണം പ്രകൃതിയില്‍ സംഭവിച്ച മാറ്റങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നതില്‍ മനുഷ്യനാണ് ഒന്നാംപ്രതി. ജനസംഖ്യാപെരുപ്പവും മനുഷ്യന്റെ അമിത ഉപഭോഗവുമാണ് മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത്. ഇത് ആത്യന്തികമായി മനുഷ്യസംസ്‌കാരത്തിന് തന്നെയാണ് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് 'പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

പഠനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ ( IUCN ) പട്ടികയിലുള്ള 27,500 ജീവിവര്‍ഗങ്ങളുടെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. അവയില്‍ മൂന്നിലൊന്ന് ഭാഗം ജീവികളുടെയും ആവാസവ്യവസ്ഥ സമീപ പതിറ്റാണ്ടുകളില്‍ വന്‍തോതില്‍ ശോഷിച്ചതായി കണ്ടു. അപൂര്‍വ്വയിനങ്ങളുടെ മാത്രമല്ല, സാധരണ ജീവിവര്‍ഗങ്ങളുടെ അംഗസംഖ്യയില്‍ സംഭവിക്കുന്ന കുറവും ഗവേഷകര്‍ കണക്കിലെടുത്തു. ആവാസവ്യവസ്ഥകളുടെ നഷ്ടം മൂലം സാധാരണ ജീവിയിനങ്ങളുടെ അംഗസംഖ്യ വളരെ വേഗം ശോഷിച്ചുവരികയാണെന്ന് പഠനത്തില്‍ കണ്ടു. ആയിരക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളില്‍ മൂന്നിലൊന്നിന്റെയും അംഗസംഖ്യ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. ഇവയൊന്നും വംശനാശ ഭീഷണി നേരിടുന്നതായി പരിഗണിക്കാത്ത ഇനങ്ങളാണ്. സമീപകാലത്ത് അംഗസംഖ്യയില്‍ 50 ശതമാനം വരെ കുറവുണ്ടായ ജീവിവര്‍ഗ്ഗങ്ങളുമുണ്ട്. 

സെബാലോസ് നല്‍കുന്ന ഒരു ഉദാഹരണം നോക്കുക: 'മെക്‌സിക്കോ സിറ്റിയില്‍ ഞങ്ങളുടെ വീട്ടില്‍ കുരുവികള്‍ എല്ലാ വര്‍ഷവും കൂടുകൂട്ടൂമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി കുരുവികളെ അവിടെ കാണാനില്ല'. വേറൊരു ഉദാഹരണം സിംഹങ്ങളുടേതാണ്. ആഫിക്കയിലും തെക്കന്‍ യൂറോപ്പിലും പശ്ചിമേഷ്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് സിംഹങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുള്ളത്. ഈ മേഖലകളില്‍ സിംഹങ്ങളുടെ എണ്ണം വളരെയേറെ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കരയിലെ സസ്തനികളില്‍ പകുതിയെണ്ണത്തിന്റെയും ആവാസവ്യവസ്ഥ 80 ശതമാനം വരെ നഷ്ടപ്പെട്ടു. സസ്തനികളും പക്ഷികളും ഉഭയജീവികളും വന്‍തോതില്‍ ഇത്തരത്തില്‍ നാശമടഞ്ഞു. കരുതിയതിലും വേഗത്തില്‍ 'ആറാമത്തെ കൂട്ടവംശനാശം' അരങ്ങേറുകയാണെന്ന നിഗമനത്തിലെത്താന്‍ ഇതാണ് ഗവേഷകരെ പ്രേരിപ്പിച്ചത്. 

മുമ്പ് സംഭവിച്ച കൂട്ടവംശനാശങ്ങളില്‍ ആദ്യത്തേത് 44.3 കോടി വര്‍ഷം മുമ്പായിരുന്നു. ഭൂമി കഠിനമായ ഒരു ഹിമയുഗത്തില്‍ അകപ്പെടുകയും ജീവജാതികളില്‍ 70 ശതമാനത്തോളം നശിക്കുകയും ചെയ്തു. രണ്ടാമത്തെ കൂട്ടവംശനാശ പ്രക്രിയ 36 കോടി വര്‍ഷംമുമ്പായിരുന്നു. അപകടകരമായ കാലാവസ്ഥാ വ്യതിയാനമാണ് വില്ലനായത്. ഭൂമിയില്‍ അന്നുണ്ടായിരുന്നതില്‍ 70 ശതമാനം ജീവിവര്‍ഗ്ഗങ്ങളും അവശേഷിച്ചില്ല. മൂന്നാമത്തെ കൂട്ടവംശനാശമായിരുന്നു ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും മാരകമായത്. 25 കോടി വര്‍ഷം മുമ്പ് സൈബീരിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളെ തുടര്‍ന്ന് കടിനമായ താപനത്തില്‍ ഭൂമി അകപ്പെട്ടു. ഫലം: ട്രൈലോബൈറ്റുകളും ഭീമന്‍ പ്രാണികളും ഉള്‍പ്പടെ 95 ശതമാനം ജീവിവര്‍ഗങ്ങളും ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യപ്പെട്ടു. നാലാമത്തെ കൂട്ടവംശനാശം 20 കോടി വര്‍ഷം മുമ്പായിരുന്നു. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും ലാവാപ്രവാഹവും ആണ് അത്തവണയും വില്ലനായത്. 75 ശതമാനം ജീവിയിനങ്ങളും നശിച്ചു. അതിന് ശേഷമാണ് ദിനോസറുകളുടെ ആധിപത്യത്തില്‍ ഭൂമി എത്തുന്നത്. 6.5 കോടിവര്‍ഷം മുമ്പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അഗ്നിപര്‍വ്വതസ്‌ഫോടനവും ലാവാപ്രവാഹവും തുടര്‍ച്ചയായി ഉണ്ടായി. അതിന് തൊട്ടുപിന്നാലെ ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം മെക്‌സിക്കോയില്‍ പതിച്ചു. ഇതാണ് ദിനോസറുകളെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയത്. അതായിരുന്നു അഞ്ചാം കൂട്ടവംശനാശം. അതിന് ശേഷം സസ്തനികളുടെ യുഗമായി, മനുഷ്യവംശം ഉടലെടുത്തു. 

ഇപ്പോള്‍ നടക്കുന്നതായി പറയുന്ന ആറാമത്തെ കൂട്ടവംശനാശത്തിന് കാരണക്കാര്‍ നമ്മള്‍ മനുഷ്യരാണ്. ജനസംഖ്യാവര്‍ധനയും പ്രകൃതിവിഭവങ്ങളിലുള്ള അമിതചൂഷണവും, ഭൂമിയിലെ സ്വാഭാവിക ആവാസവ്യവസ്ഥകളുടെ നാശത്തിലാണ് കലാശിക്കുന്നത്. ഒപ്പം വേട്ടയാടലും, വിഷമയമായ രാസവസ്തുക്കളുടെ ഉപയോഗം മൂലമുള്ള മലിനീകരണവും, ജീവികളെയും സസ്യയിനങ്ങളെയും പുതിയ ആവാസവ്യവസ്ഥകളില്‍ എത്തിക്കുന്നതുകൊണ്ടുള്ള ജൈവഅധിനിവേശവും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമെല്ലാം മറ്റ് ജീവിവര്‍ഗ്ഗങ്ങളുടെ ഉന്‍മൂലനത്തിലാണ് കലാശിക്കുന്നത്. 'മനുഷ്യന്‍ കണക്കില്ലാതെ പെരുകുന്നതാണ്, അതുവഴിയുള്ള അമിത ഉപഭോഗമാണ്, പ്രത്യേകിച്ചും സമ്പന്ന വിഭാഗത്തിന്റെ അമിതോപഭോഗമാണ് ജീവിവര്‍ഗ്ഗങ്ങളുടെ ഉന്‍മൂലനത്തിന് വഴിതെളിക്കുന്നത്'-ഗവേഷകര്‍ പറയുന്നു. 

'സസ്യങ്ങളും മൃഗങ്ങളും സൂക്ഷ്മജീവികളും പരിസ്ഥിതിക്ക് നല്‍കുന്ന സേവനങ്ങളുണ്ടല്ലോ-കാര്‍ഷികസസ്യങ്ങളിലെ പരാഗണം മുതല്‍ അനുകൂലമായ കാലാവസ്ഥ നിലനിര്‍ത്തുന്നതു വരെയുള്ള സേവനങ്ങള്‍-ഇവയെ ആശ്രയിച്ചാണ് മനുഷ്യസംസ്‌ക്കാരം നിലനില്‍ക്കുന്നതെന്ന്, പഠനത്തിലുള്‍പ്പെട്ട സ്റ്റാന്‍ഫഡ് സര്‍വ്വകലാശാലയിലെ പ്രൊഫ.പോള്‍ ഏര്‍ലിക് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ആഫ്രിക്കയില്‍ ഒരു പാര്‍ക്കിലെ ആനകള്‍ മുഴുവന്‍ ഇല്ലാതായി എന്ന് കരുതുക. ആനകള്‍ ചെടിയും ചില്ലകളും തിന്ന് പിണ്ടമിടുമ്പോള്‍ അതിലൂടെ നടത്തുന്ന സസ്യങ്ങളുടെ വിത്തുവിതരണം ഇല്ലാതാകും. ആ സസ്യജാതികളുടെയും അതിനെ ആശ്രയിക്കുന്ന മറ്റ് ജീവികളുടെയും നിലനില്‍പ്പ് അപകടത്തിലാകും. ഇതുപോലെയാണ് ഒരു പ്രദേശത്തെ തേനീച്ചകള്‍ നശിക്കുന്നതും. ഒട്ടേറെ ഫലവൃക്ഷങ്ങള്‍ പരാഗണത്തിനായി ആശ്രയിക്കുന്നത് തേനീച്ചകളെയാണ്. തേനീച്ചകള്‍ ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ അത്തരം ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും അതിജീവിക്കാന്‍ കഴിയാതെ വരും. അത്തരം ഫലവൃക്ഷങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവിവര്‍ഗങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. 

പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുമ്പോഴും, ആറാമത്തെ കൂട്ടവംശനാശം ആരംഭിച്ചുവെന്ന വാദം അംഗീകരിക്കാത്ത ഗവേഷകരുണ്ട്. യു.എസില്‍ ഡ്യൂക്ക് സര്‍വകലാശാലയിലെ പ്രൊഫ.സ്റ്റുവര്‍ട്ട് പിം അതിലൊരാളാണ്. അദ്ദേഹം ഈ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. അത്തരമൊരു കൂട്ടനാശത്തിന്റെ വക്കിലാണ് ലോകമെങ്കിലും ആറാമത്തെ കൂട്ടവംശനാശം ഇനിയും ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം 'ഗാര്‍ഡിയന്‍' പത്രത്തോടെ പറഞ്ഞു. 

ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ജൈവഉന്‍മൂലനം ചെറുക്കാനുള്ള നടപടികള്‍ക്ക് ഇപ്പോള്‍ തന്നെ വൈകിയെന്നാണ് പഠനത്തിലുള്‍പ്പെട്ട ഗവേഷകര്‍ പറയുന്നത്. ഈ പ്രതിസന്ധിയെ നേരിടാന്‍ ഒരു അന്താരാഷ്ട്രസ്ഥാപനം തന്നെ വേണമെന്ന അഭിപ്രായക്കാരനാണ് ജെരാര്‍ദോ സെബാലോസ്.

 (

കടപ്പാട്:ജോസഫ് ആന്റണി,

മാതൃഭൂമി ഓൺലൈൻ) 






















July 18
12:53 2017

Write a Comment