കാത്തിരിപ്പിനൊടുവില്‍ മുട്ടവിരിഞ്ഞ് രാജവെമ്പാലക്കുഞ്ഞുങ്ങള്‍
കൊട്ടിയൂര്‍ പന്ന്യന്‍മലയില്‍ ചപ്പുമെത്തയില്‍ പത്തിലേറെ രാജവെമ്പാലമുട്ടകള്‍ വിരിഞ്ഞു. സുരക്ഷിതമായി ഒരുക്കിയ കൂട്ടിലാണ് ഇവ വിരിഞ്ഞത്. വന്യജീവിനിരീക്ഷകരും വനംവകുപ്പുദ്യോഗസ്ഥരും ഉറ്റുനോക്കിയിരിക്കവെ ചൊവ്വാഴ്ച അതിരാവിലെയാണിവ വിരിഞ്ഞിറങ്ങിയത്. അരമീറ്ററോളം നീളമുള്ളതാണ് ഓരോ പാമ്പിന്‍കുഞ്ഞും.
വളര്‍ച്ചയെത്തിയ രാജവെമ്പാലയ്ക്ക് അഞ്ചരമീറ്ററോളം നീളമുണ്ടാകും. പതിനഞ്ചിനും മുപ്പതിനുമിടയില്‍ മുട്ടകളിടും. മാത്യു വേലിക്കകത്തിന്റെ കശുമാവിന്‍ തോട്ടത്തിലാണ് രാജവെമ്പാലക്കുഞ്ഞുങ്ങള്‍ പിറന്നത്. ഏപ്രില്‍ 22-നാണ് ഇവിടെ മുട്ടകള്‍ കണ്ടത്. ഇലകളടുക്കി രാജവെമ്പാല കൂടുനിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട തദ്ദേശവാസികള്‍ വനംവകുപ്പധികൃതരെ വിവരമറിയിച്ചു. ഒപ്പം പ്രകൃതിസ്‌നേഹികളും സ്ഥലത്തെത്തി.
മുട്ടകള്‍ മാറ്റാതെ പറമ്പില്‍തന്നെ വിരിയിക്കാന്‍ വനംവകുപ്പിന്റെ ആര്‍.ആര്‍.ടി.യംഗം എം.പി.ചന്ദ്രന്‍, വന്യജീവിനിരീക്ഷകന്‍ വിജയ് നീലകണ്ഠന്‍ എന്നിവരില്‍നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ നാട്ടുകാര് ആദ്യം എതിര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ക്ക് സുരക്ഷ ഉറപ്പുനല്‍കിയാണ് പ്രകൃത്യാല്‍ത്തന്നെ മുട്ടകള്‍ വിരിയിക്കാനുള്ള അവസരമൊരുക്കിയത്.
വന്യജിവിനിരീക്ഷകരുടെ മൂന്നുമാസം പിന്നിട്ട കാത്തിരിപ്പിനാണിപ്പോള്‍ ഫലമുണ്ടായത്. മഴവെള്ളം വീഴാതിരിക്കാന്‍ കൂടിനുമുകളില്‍ കൂടുതല്‍ ഇലകളിട്ടും മറ്റും ഇവര്‍ ഈ പ്രദേശത്ത് ദിവസങ്ങളോളം കാവലിരുന്നു. രാജവെമ്പാലയെക്കുറിച്ച് പഠനം നടത്തുന്ന ചെന്നൈയിലെ ഗൗരിശങ്കര്‍ സ്ഥലത്തെത്തി നിര്‍ദേശങ്ങള്‍ നല്‍കി. ഒരുസംഘം കൊട്ടിയൂരില്‍ താമസമുറപ്പിച്ച് കാടുകയറി നിരീക്ഷണം തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരും ആവശ്യമായ സൗകര്യങ്ങളൊരുക്കി.
ആര്‍ക്കും പരാതികള്‍ക്കിടനല്‍കാത്തവിധമായിരുന്നു തയ്യാറെടുപ്പുകള്‍. ഭക്ഷണവുമെടുത്താണ് പാമ്പിന്റെ മുട്ടകള്‍ക്ക് കാവലിരിക്കാന്‍ വന്യജീവിസ്‌നേഹികള്‍ കാടുകയറിയത്. മഴപോലും ഇവര്‍ വകവെച്ചില്ല. ഒടുവില്‍ മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നതിന് ദൃക്‌സാക്ഷികളാവാനും സാധിച്ചു. സംസ്ഥാനത്തുതന്നെ ഇത്തരമൊരു ശ്രമമുണ്ടായത് ആദ്യമായാണെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.
പത്തിലേറെ രാജവെമ്പാലക്കുഞ്ഞുങ്ങള്‍ ഒരുമിച്ചു പിറവിയെടുത്തപ്പോള്‍ സുരക്ഷിതമായി പിടികൂടാന്‍ ചന്ദ്രനുള്‍പ്പെടെയുള്ള ആര്‍.ആര്‍.ടി. വിഭാഗവും പ്രകൃതിസ്‌നേഹികളും ഏറെ പ്രയാസപ്പെട്ടു. ഗൗരിശങ്കറും രാജവെമ്പാലയുടെ പിറവികാണാനെത്തിയിരുന്നു. തുടര്‍ന്ന് ഇവയെ കൊടുംകാട്ടില്‍ വിട്ടു.
August 04
12:53
2017