SEED News

എന്താണ് വാര്‍ത്ത?... സംശയങ്ങളുമായി സീഡ് റിപ്പോര്‍ട്ടര്‍മാര്‍

കോഴിക്കോട്: ചുറ്റുപാടും നിരീക്ഷിക്കുമ്പോള്‍ കാണുന്ന കാഴ്ചകളില്‍ എന്തെങ്കിലും കൗതുകം ഒളിച്ചിരിപ്പുണ്ടോ, അതുമല്ലെങ്കില്‍ സാധാരണയില്‍നിന്ന് വ്യത്യസ്തമായി അവയ്‌ക്കെന്തെങ്കിലും പ്രത്യേകതയുണ്ടോ, അത് സമൂഹത്തിലെ എന്തെങ്കിലും പ്രശ്‌നങ്ങളാണോ... ഇത്തരത്തിലുള്ള പല ചോദ്യങ്ങളുടേയും ഉത്തരങ്ങളാണ് വാര്‍ത്തകളാകുന്നതെന്ന് പറഞ്ഞപ്പോള്‍ കുട്ടി റിപ്പോര്‍ട്ടര്‍മാരുടെ ആകാംക്ഷ ഏറി. പിന്നെ അവര്‍ മനസ്സിലെ ചോദ്യങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു.

മാതൃഭൂമി സീഡ് റിപ്പോര്‍ട്ടര്‍മാര്‍ക്കായി നടത്തിയ ശില്‍പശാലയില്‍ ഉയര്‍ന്നതുനിറയെ കുട്ടികളുടെ വലിയ സംശയങ്ങളായിരുന്നു. പരിസ്ഥിതി-പൊതുജനാരോഗ്യമേഖലയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു ക്ലാസ്. തങ്ങള്‍ കാണുന്ന സംഭവങ്ങളിലെ വാര്‍ത്തകള്‍ എന്താണെന്നും തയ്യാറാക്കേണ്ടതെങ്ങനെയെന്നും അതില്‍ വിവരങ്ങള്‍ എങ്ങനെ ചേര്‍ക്കണമെന്നുമെല്ലാം അവര്‍ ചോദിച്ചറിഞ്ഞു.

ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത യു.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള നൂറോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. സമൂഹത്തിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കി പൊതുജനശ്രദ്ധയിലെത്തിക്കുകയാണ് സീഡ് റിപ്പോര്‍ട്ടര്‍മാര്‍. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും നല്‍കി.

മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജ്യണല്‍ മാനേജര്‍ സി. മണികണ്ഠന്‍ അധ്യക്ഷനായി. മാതൃഭൂമി ചീഫ് സബ്എഡിറ്റര്‍മാരായ ജോസഫ് ആന്റണി, ഡോ.കെ.സി. കൃഷ്ണകുമാര്‍, സീനിയര്‍ ചീഫ് ന്യൂസ്‌ഫോട്ടോഗ്രാഫര്‍ കെ. മധുരാജ്, മാതൃഭൂമി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ. മധു, സബ് എഡിറ്റര്‍ ആര്‍.എസ്. ധനൂജ് എന്നിവര്‍ ക്ലാസെടുത്തു. ഫെഡറല്‍ ബാങ്ക് അസി. വൈസ് പ്രസിഡന്റ് അലിയാര്‍ റാവുത്തര്‍ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫെഡറല്‍ ബാങ്കിലെ പി.വി. ആദര്‍ശ് സംസാരിച്ചു.

August 07
12:53 2017

Write a Comment

Related News