ഗ്രേറ്റ് ബാരിയര്‍ റീഫ് സംരക്ഷിക്കണമെന്ന് ഓസ്ട്രേലിയയ്ക്ക് കർശന നിർദ്ദേശം.
ആഗോളതാപനം പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ഏറ്റവും വലിയ ആഘാതത്തിനുള്ള തെളിവായി മാറിയ പ്രദേശമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. സമുദ്രത്തിലെ നിത്യഹരിത വനമേഖല എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ സമുദ്രത്തിലെ ജൈവവ്യവസ്ഥയുടെ നെടുന്തൂണുകളിലൊന്നാണ്. ഗ്രേറ്റ് ബാരിയര്‍ റീഫ് നശിച്ചാല്‍ അതു വഴിവയ്ക്കുന്നത് വലിയൊരു വിഭാഗം ജൈവവ്യവസ്ഥയുടെ കൂടെ നാശത്തിനായിരിക്കും.
ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ 30 ശതമാനത്തോളം തിരിച്ചു വരാനാകാത്ത വിധം നാശത്തിലേക്കെത്തിക്കഴിഞ്ഞുവെന്നാണ് പരിസ്ഥിതി സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയയോട് യുനെസ്കോ ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ സംംരക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ടത്. 2050 ആകുമ്പോഴേക്കും ശേഷിക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫിനെ മലിനവിമുക്തമാക്കി തിരികെ ആരോഗ്യകരമായ അവസ്ഥയിലേക്കെത്തിക്കാമെന്നാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയയ്ക്ക് ഈ ലക്ഷ്യത്തിലെത്താനാകുമോ എന്നാണ് യുനെസ്കോ ആശങ്കപ്പെടുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയില്‍ പെട്ട പ്രദേശമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. റീഫ് ഉള്‍പ്പെടുന്ന പ്രദേശത്തെ ജലത്തിന്‍റെ മലിനീകരണം ഒഴിവാക്കാനുള്ള പുതിയ പദ്ധതി ജൂലൈയില്‍ നടക്കാനിരിക്കുന്ന പൈതൃക സമ്മേളനത്തില്‍ സമര്‍പ്പിക്കാനും യുനെസ്കോ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ ഭാഗത്തായാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയില്‍ കാര്‍ഷിക ആവശ്യത്തിനുപയോഗിക്കുന്ന കെമിക്കലുകളും വ്യാവസായിക അവശിഷ്ടങ്ങളുമെല്ലാം ഗ്രേറ്റ് ബാരിയര്‍ റീഫിന്‍റെ ആരോഗ്യത്തിന് ആഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. ഇവ പൂര്‍ണ്ണമായും ഒഴിവാക്കി പ്രദേശം ശുദ്ധീകരിച്ചാല്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ഒരു പരിധിവരെ പൂര്‍ണ്ണ ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്താനാകും. എന്നാല്‍ ഇവ നിയന്ത്രിക്കുന്നതിനോ ഈ തീരപ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിക്കുന്നതിനോ ഓസ്ട്രേലിയക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് യുനെസ്കോയുടെ വിമര്‍ശനത്തിനു കാരണമായത്.