ചിത്രശലഭ പുഴുക്കൾ പൊട്ടിത്തെറിക്കുന്നു; കാരണം വിചിത്ര വൈറസ്, ഞെട്ടിക്കുന്ന റിപ്പോർട്ട്.
ബ്രിട്ടനിൽ നൂറുകണക്കിനു ചിത്രശലഭ പുഴുക്കളാണ് അപൂർവ വൈറസ് ബാധമൂലം ചാകുന്നത്. ഒരു ജീവിയില്‍ പ്രവേശിച്ച് അതിന്‍റെ സ്വാഭാവിക ജീവിതരീതിയിൽ മാറ്റം വരുത്തി മരണത്തിലേക്കു നയിക്കുന്ന വൈറസുകള്‍ പ്രകൃതിയിലുണ്ട്. എലികളെ പൂച്ചയുെട സമീപത്തേക്ക് അയയ്ക്കുന്ന വൈറസും മാനുകളെ പുലിയുടെ മൂത്രത്തിന്‍റെ ഗന്ധത്തോട് ആകര്‍ഷണം തോന്നിപ്പിക്കുന്ന വൈറസുമെല്ലാം ഇതിനുദാഹരണങ്ങളാണ്. തലച്ചോറിലെ ചിന്തകളെ വരെ സ്വാധീനിക്കാൻ ശേഷിയുള്ള ഇത്തരം വൈറസുകളുടെ ഒരു വിഭാഗത്തെയാണ് ബ്രിട്ടനിലെ ചിത്രശലഭപ്പുഴുക്കളിലും കണ്ടെത്തിയിരിക്കുന്നത്.
സോംബി വൈറസ് എന്നു പേര് നല്കിയിരിക്കുന്ന ഈ വൈറസ് ബാധ മൂലം ചിത്രശലഭ പുഴുക്കള്‍ കൂട്ടത്തോടെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് വരികയും വൈകാതെ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ശത്രുക്കളെ പേടിച്ച് എപ്പോഴും ഒളിച്ചിരിക്കുന്ന സ്വഭാവമുള്ള ഈ പുഴുക്കളുടെ അടിസ്ഥാന സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് ഈ വൈറസ്.
ബാക്കുലോ വൈറസ് എന്നാണ് ഈ വൈറസുകൾക്ക് ഗവേഷകര്‍ നല്കിയിരിക്കുന്ന പേര്. ഓക്ക് എഗ്ഗര്‍ മോത്ത് എന്ന വിഭാഗത്തില്‍ പെട്ട ചിത്രശലഭ പുഴുക്കളെയാണ് പ്രധാനമായും ഈ വൈറസ് ബാധിച്ചിരിക്കുന്നത്. മറ്റു ചിത്രശലഭ പുഴുക്കളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ ബാധയെ തുടര്‍ന്ന് പൊട്ടിത്തെറിക്കുന്നത് ഓക്ക് എഗ്ഗര്‍ മോത്ത് വിഭാഗത്തില്‍ പെട്ട ചിത്രശലഭ പുഴുക്കളാണ്. ഇവയുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അംശ കൂടുതലായതിനാലാകാം ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.
ലാര്‍ജ് ഹീത്ത് എന്നയിനം ചിത്രശലഭങ്ങളുടെ പുഴുക്കളാണ് ഓക്ക് എഗ്ഗര്‍ മോത്തുകള്‍. ലാര്‍ജ് ഹീത്ത് ഇനത്തില്‍ പെട്ട ചിത്രശലഭങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരാണ് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടുപിടിച്ചത്.