SEED News

കൂട്ടിനൊരു കോഴിക്കുട്ടി' പദ്ധതിയുമായി വിദ്യാര്‍ഥികള്‍ ലാഭവിഹിതം സാന്ത്വന പ്രവര്‍ത്തനത്തിന്



വാളക്കുളം: പഠനപ്രവര്‍ത്തനങ്ങളിലെ ഇടവേളകളെ നന്മനിറഞ്ഞതാക്കി വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃക കാണിക്കുന്നു. 'കൂട്ടിനൊരു കോഴിക്കുട്ടി' എന്നുപേരിട്ട പദ്ധതിയിലൂടെ കോഴിവളര്‍ത്തല്‍ ആരംഭിച്ചാണ് ഈ കുട്ടികള്‍ പുതിയ സന്ദേശം നല്‍കുന്നത്. സ്‌കൂളിലെ ഹരിതസേനയും മാതൃഭൂമി സീഡും ചേര്‍ന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അറുപത് കുട്ടികള്‍ക്ക് സൗജന്യമായി ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ നല്‍കി. കൃഷിരീതികളും സമ്പാദ്യശീലവും കുട്ടികളില്‍ വളര്‍ത്തുന്നതോടൊപ്പം സാന്ത്വനപ്രവര്‍ത്തനവും ശീലിപ്പിക്കുന്നതാണ് പദ്ധതി. കോഴിമുട്ടകള്‍ വില്പന നടത്തി ലഭിക്കുന്ന ലാഭവിഹിതത്തില്‍നിന്ന് സ്‌കൂളിലെ കനിവ് ഹോംകെയര്‍ പദ്ധതിക്ക് വിദ്യാര്‍ഥികള്‍ പണംനല്‍കും. കിടപ്പിലായ രോഗികളെ വീടുകളില്‍ച്ചെന്ന് പരിചരിക്കുന്നതാണ് കനിവ് എന്നുപേരിട്ട സാന്ത്വനപ്രവര്‍ത്തനം. കോഴിവളര്‍ത്തല്‍ നിരീക്ഷിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം തെന്നല ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന കരുമ്പില്‍ നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, ടി.വി. നൗഷാദ്, സുഹൈല്‍ അത്താണിക്കല്‍, എ. ഇദ്രീസ്, ഇ.കെ. അബ്ദുറസാഖ്, സി.കെ. നാസര്‍, എസ്. സംഗീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.  

September 01
12:53 2017

Write a Comment

Related News