സീഡ് പ്രവര്‍ത്തകര്‍ കൃഷിരീതികളുടെ ദൃശ്യാവിഷ്കാരമൊരുക്കി
ഗവ. യു.പി. സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ശ്രദ്ധേയരായി. കലിയന് ചങ്ക്രാന്തി, കണ്ടാരി, കൈക്കോട്ട്ചാല് ഇല്ലംനിറ, കറ്റപ്പാട്ട്, കഴിക്കല്‍ തുടങ്ങിയവയുടെ ദൃശ്യാവിഷ്കാരം കുട്ടികള്‍ക്ക് പുത്തനനുഭവമായി.
നിലമൊരുക്കുന്നതിനുപയോഗിക്കുന്ന കരിയും നുകവും, നെകരി പലക, ചെരിപ്പ് പലക, കാളപൂട്ട് മത്സരത്തിനുപയോഗിക്കുന്ന കുടമണി, എഴുത്തോലപ്പെട്ടി എന്നിവ കുട്ടികള്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. കയ്യോല്‍, കയ്യില്‍ തട്ട്പറ, നാഴി തുടങ്ങി നിരവധി പഴയകാല ഉപകരണങ്ങള്‍ പ്രദര്‍ശനത്തില്‍ സ്ഥാനംപിടിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.വി.സി. ഗോപി അധ്യക്ഷനായി. കുട്ടികള്‍ തയ്യാറാക്കിയ കാര്‍ഷികപ്പതിപ്പ് സ്കൂള്‍ ലീഡര്‍ ഗോപികയ്ക്ക് നല്കി വാര്ഡ്മെമ്പര് യു.വി. ബോബന് പ്രകാശനം ചെയ്തു.
പഞ്ചായത്തിലെ മികച്ച നെല്‍കര്‍ഷകനായ ഗംഗാധരന് നായര്‍, പാരമ്പര്യ കര്‍ഷകത്തൊഴിലാളികളായ ഉണ്ണൂലി, ഗോപാലന് എന്നിവരെ ഒന്നാംവാര്‍ഡ് മെമ്പര്‍ പി.സി. അസൈനാര്‍ ആദരിച്ചു. സ്കൂളിലെ കുട്ടിക്കര്‍ഷകനായ ആറാംക്ലാസിലെ ജിശ്വന്തിന് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഗിരീഷ് ഉപഹാരം നല്കി. ക്ലാസ് തലത്തിലെ മികച്ച പ്രദര്‍ശനത്തിന് എം.പി.ടി.എ. ചെയര്‍പേഴ്സണ്‍ സമ്മാനം വിതരണം ചെയ്തു. എ.എം. മോഹനന്, കെ. രാജന്, പ്രധാനാധ്യാപകന് ടി. രാജന്, കെ.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.