നടുവട്ടം സ്കൂളിൽനിന്ന് പ്ലാസ്റ്റിക് പേനകൾ പടിയിറങ്ങുന്നു
ഇനി പേപ്പർ പേനയും മഷിപ്പേനയും
പള്ളിപ്പാട്: സ്കുളിൽനിന്ന് പ്ലാസ്റ്റിക് പേനകളെ പടിയിറക്കി പേപ്പർ പേനയും മഷിപ്പേനയും രംഗത്തിറക്കുന്നു. നടുവട്ടം വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബാണ് ഇതിന് പിന്നിൽ.
ആദ്യഘട്ടമായി പേപ്പറിൽ വിത്ത് ഒളിപ്പിച്ച് വച്ചിട്ടുളള വിത്ത് പേനകൾ വിതരണം ചെയ്തു. അടുത്ത ഘട്ടമായി മഷിപ്പേനകൾ വ്യാപകമാക്കും. സീഡ് ക്ലബ് കുട്ടികൾക്ക് എഴുതാനാവശ്യമായ മഷി വിതരണം ചെയ്യും.
ഒരു കുട്ടി പ്രതിമാസം രണ്ട് പ്ലാസ്റ്റിക് പേനയെങ്കിലും സ്കൂൾ വളപ്പിലും വീട്ടുപരിസത്തുമായി ഉപേക്ഷിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരം കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്ന് ഒരുമാസം 2000 പേനകൾ മണ്ണിലെത്തും.
വർഷാവർഷം ഇതുതുടരും. ചെറിയ പേന പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.
ഈ തിരിച്ചറിവിൽനിന്നാണ് പേപ്പർ പേനയും പുനരുപയോഗിക്കാൻ കഴിയുന്ന മഷിപ്പേനയും കുട്ടികളെ ശീലിപ്പിക്കാൻ തീരുമാനിച്ചതെന്ന് സീഡ് കോ ഓർഡിനേറ്റർ സി.ജി.സന്തോഷ് പറഞ്ഞു.
കൊച്ചിയിലുള്ള പ്യുവർ ലിവിങുമായി സഹകരിച്ചാണ് മാതൃഭൂമി സീഡ് ക്ലബ് വിത്ത് പേനകൾ വിതരണം ചെയ്യുന്നത്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്നതോടെ പേനയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിത്ത് കിളിർക്കും.
അഗസ്ത്യ ചീരയുടെ വിത്താണ് പേനയിലുള്ളത്. സീഡ് ക്ലബ്ബിന്റേയും സ്കൂളിന്റേയും പേരും പേനയിൽ മുദ്രണം ചെയ്തിട്ടുണ്ട്.
അടുത്ത ആഴ്ചമുതൽ മഷിപ്പേന വിതരണം ചെയ്യും.
പേന വിലയ്ക്ക് നൽകി തുടർന്നും മഷി നൽകാനാണ് തീരുമാനം.
ക്രിസ്മസ് പരീക്ഷയോടെ മുഴുവൻ യു.പി. വിഭാഗം കുട്ടികൾക്കും മഷിപ്പേന നൽകും. മാർച്ച് മാസത്തോടെ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള കുട്ടികളെയും മഷിപ്പേന ഉപയോഗിക്കുന്നവരാക്കി മാറ്റും.
സീഡ് ക്ലബ്ബിന്റെ ഈ ദൗത്യത്തിനൊപ്പം ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.ബി.ഹരികുമാറും ഹെഡ്മിസ്ട്രസ് സി.എസ്.ഗീതാകുമാരിയും അധ്യാപകരും കുട്ടികളും എല്ലാമുണ്ട്.
September 20
12:53
2017