പരിസ്ഥിതിസംരക്ഷണത്തില് ഊന്നിയ വികസനം വേണം- മന്ത്രി കെ.രാജു
പ്രയാര് ആര്.വി.എസ്.എം. ഹയര് സെക്കൻഡറി സ്കൂളിലെ വിദ്യാര്ഥിനി അമൃതയ്ക്ക് മാതൃഭൂമി-വി.കെ.സി. നന്മ ക്ലബ്ബ് നിര്മിച്ചുനല്കിയ വീടിന്റെ സമര്പ്പണച്ചടങ്ങ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു
ഓച്ചിറ: പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യംകൊടുത്തുള്ള വികസനമാണ് ഇന്നത്തെ ആവശ്യമെന്നും അതില്ലാത്തതാണ് ഇന്നത്തെ പ്രശ്നമെന്നും വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.
ഓച്ചിറ-പ്രയാര് ആര്.വി.എസ്.എം. ഹയര് സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷഭാഗമായി മാതൃഭൂമി-വി.കെ.സി. നന്മ ക്ലബ്ബ് വിദ്യാര്ഥിനിക്കായി നിര്മിച്ച നന്മവീടിന്റെ സമര്പ്പണം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുമനസ്സുകളില് നന്മയുടെ വിത്തുവിതയ്ക്കുന്ന സംരംഭമാണ് സ്കൂളിലെ നന്മ ക്ലബ്ബ് ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. സഹപാഠിക്ക് കൈത്താങ്ങാകാന് നന്മവീട് നിര്മിച്ചുനല്കിയതിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എം.എല്.എ.മാരുടെ വികസനഫണ്ട് എയ്ഡഡ് സ്കൂളുകള്ക്കുകൂടി അനുവദിക്കാന് എടുത്ത തീരുമാനം സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ഏറെ സഹായകമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതിസംരക്ഷണത്തിന് അവബോധം സൃഷ്ടിക്കാന് മാതൃഭൂമി സീഡ് പദ്ധതി നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
പ്രതിഭാ ഹരി എം.എല്.എ. അധ്യക്ഷത വഹിച്ച യോഗത്തില് ആര്.രാമചന്ദ്രന് എം.എല്.എ. മുഖ്യപ്രഭാഷണം നടത്തി. സ്കൂള് മാനേജര് പ്രൊഫ. കെ.കൃഷ്ണപിള്ള നന്മവീടിന്റെ താക്കോല് കൈമാറി.
പ്രയാര് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാര്ഥിനി അമൃതയുടെ കുടുംബത്തിനാണ് സുമനസ്സുകളുടെ സഹകരണത്തോടെ വീട് നിര്മിച്ച് നല്കിയത്. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇ.ശ്രീദേവി, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.ഇക്ബാല്, പഞ്ചായത്ത് അംഗങ്ങളായ ജയാദേവി, രാധാകുമാരി എന്നിവര് വിദ്യാഭ്യാസ അവാര്ഡുകള് വിതരണം ചെയ്തു. നന്മ കോ-ഓര്ഡിനേറ്റര് മഞ്ജുഷ റിപ്പോര്ട്ട് അവതരിപ്പിച്ചു.
എ.ഇ.ഒ. ഹുസൈന്, പ്രിന്സിപ്പല് എസ്.ഉണ്ണികൃഷ്ണന്, എം.എ.റഷീദ്, ഓണവിള സന്തോഷ് എന്നിവര് പ്രസംഗിച്ചു. നന്മവീടിന്റെ നിര്മാണത്തിന് നിസ്തുലസേവനം നല്കിയ പി.ഗോപാലകൃഷ്ണപിള്ള, ആലുംപീടിക സുകുമാരന്, കെ.ജി.വിശ്വനാഥന്, വി.എസ്.ലേഖ, വിനോദ് എന്നിവരെ ആദരിച്ചു. നന്മവീടിന്റെ ശില്പികള്ക്ക് ഉപഹാരം നല്കി. ജനറല് കണ്വീനര് എ.നെജീവ് വിശിഷ്ടാതിഥികള്ക്ക് നന്മ ക്ലബ്ബിന്റെ ഉപഹാരം നല്കി.
സാബര്മതിയിലെ അന്തേവാസികള്ക്ക് നന്മ ക്ലബ്ബ് നല്കിയ വസ്ത്രങ്ങള് ജീവകാരുണ്യപ്രവര്ത്തകന് അബ്ബാമോഹന് പ്രതിഭാ ഹരി എം.എല്.എ. കൈമാറി. ഹെഡ്മിസ്ട്രസ് ജി.ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മായ നന്ദിയും പറഞ്ഞു.
September 20
12:53
2017