ഭീമന്‍ ജീവികളും കുഞ്ഞന്‍ ജീവികളും ഭീഷണിയില്‍ വലുപ്പം പ്രശ്‌നം തന്നെ!
കൊമൊഡോ പല്ലി,
തിമിംഗിലസ്രാവ്,
സോമാലി ഒട്ടകപ്പക്ഷി,
എന്നിവയാണ് ഏറ്റവും വലിയ വംശനാശഭീഷണി നേരിടുന്നതെന്ന് ഗവേഷകര്‍. ഇതിനിടയിലുള്ള ജീവികള്‍ക്കാണ് അതിജീവനസാധ്യത കൂടുതലെന്ന് പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സസ്തനികളുടെയും പക്ഷികളുടെയും കാര്യത്തില്‍ ശരീരവലുപ്പം കൂടുതലുള്ളവയാണ് വംശനാശഭീഷണിയിലും മുന്നില്‍. സസ്തനികളില്‍ ആന, കാണ്ടാമൃഗം, സിംഹം തുടങ്ങിയവയെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ മുമ്പുതന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പക്ഷികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയ വിഭാഗത്തിലെ വലിയവയെ സംരക്ഷിക്കാന്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍.) ചുവപ്പുപട്ടികയിലുള്ള വംശനാശഭീഷണി നേരിടുന്ന കാല്‍ലക്ഷം ജീവികളെ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.
നിലനില്‍പ്പുഭീഷണി നേരിടുന്ന 90 ശതമാനം മൃഗങ്ങളും ഒരു കിലോയില്‍ കൂടുതല്‍ ഭാരമുള്ളവയാണ്. മുക്കാല്‍ ഗ്രാമില്‍ താഴെയുള്ളവയും കടുത്ത ഭീഷണിയില്‍ത്തന്നെ. അനിയന്ത്രിതമായ വേട്ടയാണ് ഭീമന്‍ ജീവികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. മനുഷ്യരുടെ കൈയേറ്റം കാരണം വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതാണ് ചെറിയജീവികളെ വംശനാശത്തിലേക്ക് നയിക്കുന്നത്. ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒറിഗണ്‍ സര്‍വകലാശാലാ ഇക്കോളജി പ്രൊഫസര്‍ ബില്‍ റിപ്പിള്‍ ചൂണ്ടിക്കാട്ടി.
തിമിംഗിലസ്രാവുകള്‍, അറ്റ്ലാന്റിക് കടല്‍ക്കൂരി മത്സ്യം, സോമാലി ഒട്ടകപ്പക്ഷി, ചൈനീസ് ഭീമന്‍ ഉടുമ്പ്, കൊമൊഡോ പല്ലി തുടങ്ങിയവയാണ് ഭീഷണിയിലുള്ള വലിയ ജീവികള്‍. ബനാനാ തവളകള്‍, ചാരപ്പല്ലി, പന്നിമൂക്കന്‍ കടവാതില്‍ തുടങ്ങിയവയാണ് പട്ടികയിലെ ചെറുജീവികള്‍.
September 22
12:53
2017