SEED News

2000 കിലോ പ്ലാസ്റ്റിക്കുമായി ‘പ്ലാസ്റ്റിക് വണ്ടി’ പുറപ്പെട്ടു

ആലപ്പുഴ: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാലയങ്ങളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ശേഖരിച്ചത് 2000 കിലോയിലേറെ പ്ലാസ്റ്റിക്. ഇത് പുനരുപയോഗത്തിനായി തിരുവല്ലയിലെ സ്ഥാപനത്തിലേക്ക് അയച്ചു. പ്ലാസ്റ്റിക് വണ്ടിയുടെ പുറപ്പെടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. ഇരവുകാട് ടെന്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിലാണ് ചടങ്ങ് നടന്നത്.   കുട്ടികൾ വീടുകളിൽനിന്ന് വൃത്തിയാക്കി കൊണ്ടുവന്ന പ്ലാസ്റ്റിക്കാണ് സ്കൂളുകളില് ശേഖരിച്ചുവച്ചിരുന്നത്. ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂള്, പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പുന്നപ്ര യു.പി.സ്കൂൾ, നീര്ക്കുന്നം എസ്.ഡി.വി. ഗവ. യു.പി.സ്കൂൾ, കളർകോട് ഗവ. യു.പി.സ്കൂൾ എന്നീ വിദ്യാലയങ്ങൾ പദ്ധതിയിൽ പങ്കാളികളായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമപ്പഞ്ചായത്തുകളില്നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു.
മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ അധ്യക്ഷനായി. ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് സ്കൂൾ പ്രിന്സിപ്പലും നഗരസഭാ കൗൺസിലറുമായ ഇന്ദു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ജുനൈദ്, കൗണ്സിലർമാരായ എ.എം.നൗഫൽ, ശ്രീജിത്ര, ആർ.ഷീബ, ശുചിത്വമിഷന് മുൻ ജില്ലാ കോ ഓർഡിനേറ്ററും ഹരിതമിഷന് സംസ്ഥാന റിസോഴ്സ്പേഴ്സണുമായ  ആർ.വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി സിജി ജോജി, പി.ടി.എ.പ്രസിഡന്റ് ഷാജി കോയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.  

October 04
12:53 2017

Write a Comment