പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണബോധം വളര്‍ത്തണം -വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പുതുതലമുറയില്‍ പരിസ്ഥിതി സംരക്ഷണബോധം വളര്‍ത്തണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പരിസ്ഥിതിപ്രശ്‌നങ്ങള്‍ ഏറിവരികയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമായ സമൂഹം സൃഷ്ടിക്കുകയാണ് എല്ലാവരുടെയും കടമ -മന്ത്രി പറഞ്ഞു. ഹരിത വിദ്യാലയത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്‍ മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതോത്സവം പദ്ധതിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാരിസ്ഥിതികപ്രശ്‌നങ്ങള്‍ മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്. മാറാരോഗങ്ങള്‍ ഇതുമൂലം ഉണ്ടായതാണ്. മണ്ണില്‍ പച്ചപ്പ് വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ -മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ചെറുപ്പത്തിലേ പ്രകൃതി സംരക്ഷണബോധമുണ്ടായാല്‍ അത് വരുംതലമുറയ്ക്ക് ഗുണകരമാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ശശി തരൂര്‍ എം.പി. പറഞ്ഞു. കുട്ടികളുടെ പ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്നവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കാനാകും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മുതിര്‍ന്നവരെ പഠിപ്പിക്കാന്‍ കുട്ടികള്‍ ശ്രമിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
ഹരിതോത്സവം മാതൃഭൂമി സീഡ് സ്‌കൂളുകളില്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം മാതൃഭൂമി ജോയ്ന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ നിര്‍വഹിച്ചു. പാരിസ്ഥിതികാവബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചത്. 7000 സ്‌കൂളുകളില്‍ 30 ലക്ഷം വിദ്യാര്‍ഥികള്‍ ഇതിന്റെ ഭാഗമാണ്. 20,000 അധ്യാപകര്‍ ഇതിന്റെ പ്രൊമോട്ടര്‍മാരാണ്. സര്‍ക്കാരിന്റെ മഹത്തായൊരു പദ്ധതിയാണ് ഹരിതോത്സവം -എം.വി. ശ്രേയാംസ്‌കുമാര്‍ ചൂണ്ടിക്കാട്ടി.
മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ 'സ്വച്ഛത ഹി സേവ' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.എന്‍. സീമ, ശുചിത്വ മിഷന്‍ ഡയറക്ടര്‍ സി.വി. ജോയി, ഹരിതോത്സവം അക്കാദമിക് ഗ്രൂപ്പ് കണ്‍വീനര്‍ ജോജി കൂട്ടുമ്മേല്‍, അംഗം നജീമ, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എസ്. പ്രദീപ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ഷീജ എന്നിവര്‍ പ്രസംഗിച്ചു.
ഹരിതോത്സവം കൈപ്പുസ്തകത്തിന്റെ പ്രകാശനം കോട്ടണ്‍ഹില്‍ സ്‌കൂള്‍ ചെയര്‍മാന്‍ നസ്രീന്‍ ആര്‍.കെ., സെക്രട്ടറി ആഭ എ.എം. എന്നിവര്‍ക്ക് നല്‍കി മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.