മറയൂരിലേക്കു വരൂ, നീലക്കടുവയെ കാണാം.
മറയൂര്‍: പറന്ന് ക്ഷീണിച്ച 'നീലക്കടുവകള്‍' ചിന്നാറില്‍ പറന്നിറങ്ങി. കൂട്ടമായി എത്തിയ നീലകടുവ എന്നറിയപ്പെടുന്ന ചിത്രശലഭങ്ങളുണ്ടാക്കിയ കൗതുകം ചെറുതല്ല. നിരവധിപേരാണ് ഇവരെ കാണാനെത്തുന്നത്.
ദേശാടനവഴിയില്‍ ചിന്നാറിലെത്തിയ 'ബ്ലൂടൈഗര്‍' വിഭാഗത്തില്‍പ്പെട്ട ചിത്രശലഭങ്ങളാണ് ഇവിടെ സംഗമിച്ചത്. ശലഭങ്ങളുടെ ദേശാടന സമയമാണിത്. അവരുടെ പ്രധാനപാതകളില്‍ ഒന്നാണ് പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശമായ ചിന്നാര്‍ മലനിരകള്‍. ഇവിടുത്തെ വനത്തിലും അതിര്‍ത്തിയിലെ കൃഷിയിടങ്ങളിലുമാണ് ശലഭങ്ങള്‍ കൂട്ടമായി പറന്നിറങ്ങിയിരിക്കുന്നത്. ദേശാടനത്തിന് മുന്‍പായി ഇവ ഒത്തുചേര്‍ന്ന് വിശ്രമിക്കുന്നതാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.
സസ്യങ്ങളില്‍ സംഗമിക്കുന്നതു മൂലം പരാഗം നടക്കുന്നതിനാല്‍ പല അപൂര്‍വ സസ്യങ്ങളുടെയും നിലനില്‍പ്പിന് ഇത്തരം സംഗമങ്ങള്‍ കാരണമാകുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാന ഔഷധസസ്യമായ കാട്ടകത്തി (കബാഡ ഫ്രൂട്ട് കോസാ-ഇന്‍ഡ്യന്‍ കബാഡ) പോലെയുള്ള സസ്യങ്ങളുടെ നിലനില്പിന് ഇത്തരം ശലഭങ്ങളുടെ സംഗമം കാരണമായി തീരുന്നുണ്ട്. നീലക്കടുവ കൂടാതെ അരളി ശലഭം, തകരമുത്തി, എല്ലോ ഫാന്‍സി, ബ്‌ളൂ ഫെന്‍സി, പ്‌ളെയിന്‍ ടൈഗര്‍, തീ ചിറകന്‍ (ടോണി കോസ്റ്റര്‍), ക്രിംസ് ആന്റ് റോസ്, തുടങ്ങിയവയുമാണ് ഇത്തരത്തില്‍ സംഗമിക്കാറുള്ളത്.
പുതിയ സര്‍വേ പ്രകാരം 240 ഇനം ശലഭങ്ങളാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലുള്ളത്. അപൂര്‍വ ഇനങ്ങളായ നീലഗിരി ട്രീറ്റ്, കോമണ്‍ ബാന്‍ഡഡ് പീകോക്ക്, നീലഗിരി ഫോര്‍ റിങ്, മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടോണി രാജ തുടങ്ങിയ നിരവധി ശലഭ വൈവിധ്യങ്ങളുടെ സാന്നിധ്യംകൊണ്ട് സമ്പന്നമാണ് ചിന്നാര്‍ വന്യജീവി സങ്കേതം.