തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വന്യജീവികളുടെയും സാന്നിധ്യം കൂടിവരുന്നതായി പഠനം
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ ദേശാടനക്കിളികള്‍ മാത്രമല്ല, കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെയും സാന്നിധ്യം കൂടിവരുന്നതായി പഠനം. സുരക്ഷിത താവളവും മികച്ച ആവാസ വ്യവസ്ഥയുമാണ് വന്യജീവികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന്റെ മുഖ്യ ഘടകം. പശ്ചിമഘട്ടത്തിന്റെ പക്ഷിക്കൂടായ തട്ടേക്കാട് വന്യജീവികളുടെയും ആവാസ കേന്ദ്രമാവുകയാണ്.
പക്ഷിസങ്കേതം ഓഫീസ് പരിസരത്തു നിന്ന് മൂന്നു കിലോമീറ്റര്‍ മാറി ഓവുങ്കല്‍ ഭാഗത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 22 ആനകളെ കണ്ടെത്തി. പക്ഷിസങ്കേതത്തില്‍ ഇത്രയധികം ആനകളെ ഒരുമിച്ചു കാണുന്നത് ആദ്യമായാണെന്ന് പക്ഷിശാസ്ത്രജ്ഞനായ ഡോ. ആര്‍. സുഗതന്‍ പറഞ്ഞു. വനത്തില്‍ സംരക്ഷണ പ്രവര്‍ത്തനം നടത്താന്‍ പോയ വാച്ചര്‍മാരായ കെ.വി. എബ്രഹാം, കെ.ആര്‍. രാമകൃഷ്ണന്‍ എന്നിവരാണ് ആനക്കൂട്ടത്തെ കണ്ടത്. നാല് കൊമ്പനും ഒമ്പത് പിടിയാനയും ഒരു മോഴയും എട്ട് കുട്ടികളും അടങ്ങിയ ആനക്കൂട്ടം ഏറെനേരം ഇവിടെ തമ്പടിച്ചിരുന്നു.
വനംവകുപ്പിന്റെ ട്രീ ഹട്ട് സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്തുള്ള പുല്‍മേട്ടിലാണ് ഇവ മേഞ്ഞിരുന്നത്. പെരിയാറിന്റെ തീരത്തോടു ചേര്‍ന്ന മനോഹരമായ പച്ചത്തുരുത്തായ പ്രദേശം ആനകളെ കൂടാതെ മാന്‍, മ്ലാവ്, കരടി, പുലി, രാജവെമ്പാല, കുരങ്ങ് തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് സമൃദ്ധമാവുകയാണ്.
25 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതത്തില്‍ 10 ചതുരശ്ര കിലോമീറ്റര്‍ ഭാഗവും ജനവാസ മേഖലയാണ്. നിബിഡ വനപ്രദേശമായ 15 ചതുരശ്ര കിലോമീറ്ററിലാണ് വന്യജീവി സാമീപ്യം കൂടുതലായി കണ്ടുവരുന്നത്.
പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഭൂതത്താന്‍കെട്ട് ബാരേജിലൂടെ വെള്ളം തുറന്നുവിടുന്നതു കൊണ്ട് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നിരിക്കും. മാസങ്ങളായി വെള്ളം തുറന്നിട്ടിരിക്കുന്നതു കൊണ്ട് തുറന്ന സ്ഥലം മുഴുവന്‍ ആനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ മേച്ചില്‍പുറമായി മാറിയിരിക്കുകയാണ്.
1983-ല്‍ പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്ന വേളയില്‍ ആനകള്‍ ഇല്ലായിരുന്നു. 1990 മുതലാണ് ആനകളുടെ സാന്നിധ്യം ഉണ്ടായത്. വനംവകുപ്പിന്റെ മൂന്നാര്‍ ഡിവിഷനില്‍പ്പെട്ട വനമേഖലയില്‍ നിന്നാണ് ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കൂടുതലായി എത്തുന്നതെന്നാണ് നിരീക്ഷണത്തില്‍നിന്ന് വ്യക്തമാകുന്നത്.
October 10
12:53
2017