environmental News

ഇന്ന് ലോക ഭക്ഷ്യദിനം, ഈ ദിനത്തില്‍ നാം ചിന്തിക്കേണ്ടത് എന്താണ്?

ല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഈ ദിനത്തിന്റെ ആപ്തവാക്യം, പക്ഷേ എത്ര പേര്‍ക്ക് അറിയാം അത്. ആവശ്യത്തിനും അതിലധികവും ഭക്ഷണം കഴിക്കാന്‍ കിട്ടുന്നവര്‍ ഭക്ഷ്യദിനത്തില്‍ എന്ത് കാര്യം ചിന്തിക്കാന്‍. പക്ഷേ ചിന്തിക്കേണ്ട ചിലതുണ്ട്. 

ഇവിടെ നമ്മള്‍ ജി.എസ്.ടിയുടെയും ഓഹരി സൂചികയുടെ കണക്കുകളെയും കൊണ്ട് അമ്മാനമാടുമ്പോള്‍ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എഫ്.പി.ആര്‍.ഐ.) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പട്ടിണിയുടെയും വിശപ്പിന്റെയും കണക്കില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ നമ്മളുമുണ്ട്. 

ഐ.എഫ്.പി.ആര്‍.ഐ. 120 ഓളം രാജ്യങ്ങളുടെ കണാക്കെടുത്തപ്പോള്‍ 100-ാം സ്ഥാനത്തുണ്ട് നമ്മള്‍. ഒരു ഭാഗത്ത് ഭക്ഷണം (ധാന്യങ്ങള്‍) കുന്നുകൂടി കിടക്കുമ്പോള്‍ മറുഭാഗത്ത് ലക്ഷങ്ങള്‍ പട്ടിണിയുടെ പിടിയിലാണ്. ലോകജനതയുടെ 20% പേര്‍ ഇപ്പോഴും പട്ടിണിയിലാണ്. 

ജീവിതശൈലി മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്‌കാരവും മാറുന്നു. ഏറ്റവുമധികം ഭക്ഷണം വാങ്ങി അത് വലിച്ചെറിയുന്നവന് ഇന്ന് സമൂഹത്തില്‍  ഉന്നതസ്ഥാനമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നു. ഈ മിഥ്യാധാരണകള്‍ മാറ്റേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു.

രാജ്യത്തെ ഹോട്ടലുകളില്‍ 20 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നു. ഈ ഭക്ഷണം മതി ഇന്ത്യയിലെ പട്ടിണി പാവങ്ങളുടെ വിശപ്പടക്കാന്‍. അഞ്ച് വയസിന് താഴെ കുട്ടികള്‍ (15- ല്‍ 1) മരിക്കാനുള്ള കാരണം ശരിയായ ഭക്ഷണം കിട്ടാത്തതാണ്. മുകളില്‍ കണ്ട ചിത്രങ്ങള്‍ വെറും ചിത്രങ്ങളല്ല കണ്ണിനു മുന്നില്‍ കണ്ട കാഴ്ചകളാണ്, ഇത് നടക്കുന്നത് നമ്മുടെ കണ്ണിനുമുന്നില്‍ തന്നെയാണ്. ഈ കാഴ്ചകള്‍ വെറും കാഴ്ചകളായി തീരാതെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാകട്ടെ. 

ചിത്രങ്ങൾക്ക് കടപ്പാട് :-പി.പ്രമോദ്‌കുമാർ 







  

October 16
12:53 2017

Write a Comment