environmental News

ഓസോണ്‍ പാളിയിലെ വിള്ളല്‍ ഇല്ലാതാവാന്‍ കാത്തിരിക്കണം

ഓസോണ്‍ പാളിയിലെ വിള്ളല്‍ ഇല്ലാതാവാന്‍ പ്രതീക്ഷിച്ചതിലും മുപ്പതുവര്‍ഷം കൂടുതലെടുക്കുമെന്ന് പഠനം. ഭൂമിയെ വിനാശകാരിയായ അള്‍ട്രാവയലറ്റ് സൗരവികിരണങ്ങളില്‍ രക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. ഭൂമിയില്‍നിന്ന് 2030 കിലോമീറ്റര്‍ ഉയരത്തിലാണ് ഓസോണ്‍ പാളി സ്ഥിതിചെയ്യുന്നത്. മനുഷ്യനിര്‍മിത ക്ലോറോഫ്‌ലൂറോ കാര്‍ബണുകളുടെ പുറന്തള്ളലാണ് ഓസോണ്‍ പാളിയില്‍ വിള്ളലുണ്ടാക്കിയത്.
 പെയിന്റുകള്‍ മായ്ക്കുന്നതിനും പി.വി.സി. നിര്‍മാണത്തിനും ഉപയോഗിക്കുന്ന ഡൈക്ലോറോമീതേന്‍ അടങ്ങിയ രാസവസ്തുക്കളാണ് ഓസോണ്‍ പാളിക്ക് പുതിയ വെല്ലുവിളിയാവുന്നത്. ഡൈക്ലോറോമീതേന്‍ സാന്നിധ്യം പതിറ്റാണ്ടിനിടെ അറുപത് ശതമാനം വര്‍ധിച്ചത് ഓസോണ്‍ പാളിയുടെ അപചയത്തിന് ആക്കംകൂട്ടിയതായി പഠനം നടത്തിയ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഡോ. ഡേവിഡ് ഓറം ചൂണ്ടിക്കാട്ടി.
 2050ഓടെ ഓസോണ്‍ പാളിയുടെ വീണ്ടെടുപ്പ് സാധ്യമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇത് രണ്ടുമൂന്ന് പതിറ്റാണ്ടെങ്കിലും വൈകുമെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയിലാണ് ഡൈക്ലോറോമീതേന്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. വന്‍തോതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ പി.വി.സി.യുടെ ഉപയോഗം കൂടിയതും ഭീഷണിയുയര്‍ത്തുന്നു.

October 25
12:53 2017

Write a Comment