environmental News

കടലില്‍നിന്ന് കിട്ടും ലോകത്തിനുവേണ്ട വൈദ്യുതി

വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രങ്ങള്‍ കടലില്‍ സ്ഥാപിച്ചാല്‍ ലോകത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റാനാവുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടി യന്ത്രങ്ങളെക്കാള്‍ അഞ്ചുമടങ്ങ് വൈദ്യുതി കടലില്‍നിന്ന് ലഭിക്കുമെന്നാണ് കണ്ടെത്തല്‍.  ശൈത്യകാലത്ത് വടക്കേ അറ്റ്‌ലാന്റിക്കില്‍നിന്ന് കാറ്റാടിഫാമുകളിലൂടെ മനുഷ്യരാശിയുടെ മൊത്തം ആവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വേനല്‍ക്കാലത്ത് യൂറോപ്പിന്റെയോ അമേരിക്കയുേെടയാ മൊത്തം വൈദ്യുതിയാവശ്യം നിറവേറ്റാന്‍ ഇതുവഴി കഴിയും. കര്‍നേഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകരാണ് പഠനം നടത്തിയത്.    കന്‍സാസിലെ കാറ്റാടിഫാമുകളെ കടലില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഫാമുകളുമായി താരതമ്യപ്പെടുത്തി കമ്പ്യൂട്ടര്‍ മാതൃക തയ്യാറാക്കിയാണ് ഗവേഷകസംഘം പഠനം നടത്തിയത്. കൂടുതല്‍ കാറ്റ് ലഭിക്കുന്നതിനാല്‍ വടക്കന്‍ അറ്റ്‌ലാന്റിക്കിലാണ് കാറ്റാടി യന്ത്രങ്ങള്‍ക്ക്  കൂടുതല്‍ സാധ്യത. കരയിലുള്ളതിനെയപേക്ഷിച്ച് കടലില്‍ സ്ഥാപിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ക്ക് വേഗക്കുറവ് ഉണ്ടാവില്ല. കരയിലുള്ള കാറ്റാടികള്‍ക്ക് ഉപരിതലത്തിലുള്ള കാറ്റ് മാത്രമേ ഉപയോഗപ്പെടുത്താനാവൂ. കടലിലുള്ളവയ്ക്ക് അന്തരീക്ഷത്തിലെ കാറ്റിനെ കൂടുതലായി ഉപയോഗിക്കാനാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

October 27
12:53 2017

Write a Comment