അന്റാര്‍ട്ടിക്കയില്‍ ബംഗാളിന്റെ വലിപ്പമുള്ള തുള
അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളിയില്‍ ബംഗാളിന്റെ വലിപ്പത്തിലുള്ള വന്‍ദ്വാരം ഗവേഷകര്‍ കണ്ടെത്തി. പോളിനിയ എന്നറിയപ്പെടുന്ന തുളയ്ക്ക് എണ്‍പതിനായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. അന്റാര്‍ട്ടിക്ക വെഡ്ഡല്‍ കടലില്‍ 1970നുശേഷം ഇത്രയും വലിയ പോളിനിയ ആദ്യമായാണ് കണ്ടെത്തുന്നത്. ടൊറന്റോ സര്‍വകലാശാല, സതേണ്‍ ഓഷ്യന്‍ കാര്‍ബണ്‍ ആന്‍ഡ് ക്ലൈമറ്റ് ഒബ്‌സര്‍വേഷന്‍സ് ആന്‍ഡ് മോഡലിങ് (സോക്കോം) പ്രോജക്ട് എന്നിവിടങ്ങളിലെ ഗവേഷകരാണ് ഒരുമാസംമുമ്പ് നിഗൂഢ ദ്വാരം കണ്ടുപിടിച്ചത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് അന്റാര്‍ട്ടിക്കയില്‍ പോളിനിയ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം രൂപപ്പെട്ട ദ്വാരം ഇത്രയും വലുതായിരുന്നില്ല. കടലും അന്തരീക്ഷവും പരസ്പരം ചൂടും ഈര്‍പ്പവും കൈമാറ്റംചെയ്യാന്‍ പോളിനിയ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥയെ വലിയതോതില്‍ സ്വാധീനിക്കുന്ന ഘടകമാണിത്. അന്റാര്‍ട്ടിക്കയിലെ ശൈത്യകാലത്തെ പ്രതികൂല കാലാവസ്ഥകാരണം പോളിനിയയെ നേരിട്ട് നിരീക്ഷിച്ച് പഠിക്കാന്‍ ഗവേഷകര്‍ക്ക് കഴിയാറില്ല. സോക്കോം പദ്ധതിയില്‍ യന്ത്രമനുഷ്യരെ ഉപയോഗിച്ചാണ് ഇവയുടെ പ്രത്യേകതകള്‍ പഠിക്കുന്നത്. താമസിയാതെ പോളിനിയകളുടെ രഹസ്യങ്ങളും കാലാവസ്ഥയില്‍ അവചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.